BREAKING NEWSWORLD

വൈറ്റ് ഹൗസിന്റെ പടിയിറങ്ങുന്ന ട്രംപിനു നഷ്ടപ്പെടുന്നത് അധികാരം മാത്രമല്ല ഭാര്യയെയും

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് പദവി നഷ്ടമായതിനു പിന്നാലെ മറ്റൊരു വലിയ ‘നഷ്ടം’ കൂടി ഡോണള്‍ഡ് ട്രംപിനെ കാത്തിരിക്കുന്നതായി റിപ്പോര്‍ട്ട്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ മുഖവിലയ്‌ക്കെടുത്താല്‍ പ്രസിഡന്റ് സ്ഥാനം ബൈഡന് കൈമാറി വൈറ്റ് ഹൗസ് വിടുമ്പോള്‍ മെലനിയ ഒപ്പം ഉണ്ടാകുമോ എന്നതു സംശയമാണ്.
പെന്‍സില്‍വേനിയയിലെ മാന്ത്രികസംഖ്യ സമ്മാനിച്ച വിജയാഹ്ലാദത്തില്‍ വിജയപ്രസംഗത്തിനായി ജോ ബൈഡന്‍ തന്റെ ജന്മനാടായ ഡെലവെയറിലേക്കു വണ്ടി കയറിയപ്പോള്‍, ട്രംപ് വൈറ്റ് ഹൗസ് വിടുന്നതിനു പിന്നാലെ അദ്ദേഹത്തില്‍നിന്ന് വിവാഹമോചനം നേടണമെന്ന ആലോചനയിലാണ് മെലനിയ എന്നാണ് ബ്രിട്ടിഷ് ടാബ്ലോയിഡായ ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘വിവാഹമോചനത്തിനായി നിമിഷങ്ങള്‍ എണ്ണിക്കഴിയുകയാണ് മെലനിയ’ എന്നാണ് ട്രംപിന്റെ മുന്‍ സഹായി ഒമാറോസ മാനിഗൗല്‍ട്ട് ന്യൂമാനെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ വ്യക്തമാക്കിയത്.
‘ട്രംപും മെലാനിയയും തമ്മിലുള്ള 15 വര്‍ഷത്തെ വൈവാഹിക ജീവിതം അവസാനിക്കാന്‍ പോകുകയാണ്. ട്രംപില്‍നിന്ന് വിവാഹമോചനം നേടുന്നതിന്, വൈറ്റ് ഹൗസിന് ‘പുറത്തെത്താന്‍’ മെലനിയ നിമിഷങ്ങളെണ്ണി കഴിയുകയാണ്. അവരുടെ ദാമ്പത്യം അത്ര സുഖകരമായിരുന്നില്ല. ട്രംപ് വൈറ്റ് ഹൗസില്‍ തുടരുമ്പോള്‍ അപമാനങ്ങള്‍ സഹിച്ച് മുന്നോട്ട് പോകാന്‍ അവര്‍ ശ്രമിച്ചു, കാരണം അല്ലെങ്കില്‍ അയാള്‍ അവരെ ശിക്ഷിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു’– ഒമാറോസ മാനിഗൗല്‍ട്ട് പറഞ്ഞു.
എന്നാല്‍ ഇതല്ല കാരണമെന്നാണ് ട്രംപിന്റെ മറ്റൊരു സഹായിയായ സ്റ്റെഫാനി വോക്കോഫ് പറഞ്ഞത്. തനിക്കും മകന്‍ ബാരണിനും ട്രംപിന്റെ സ്വത്തില്‍ തുല്യവകാശം വേണമെന്ന് മെലനിയ ആവശ്യപ്പെട്ടിരുന്നതായും അവര്‍ പറഞ്ഞു. മകന്റെ പഠനം പൂര്‍ത്തിയാക്കുന്നതിനായി, ട്രംപ് പ്രസിഡന്റായി അഞ്ചു മാസം കഴിഞ്ഞാണ് അവര്‍ ന്യൂയോര്‍ക്കില്‍ നിന്ന് വാഷിങ്ടനിലേക്കു താമസം മാറിയതെന്നും സ്റ്റെഫാനി കൂട്ടിച്ചേര്‍ത്തു.
2005ലാണ് മുന്‍ സ്ലൊവേനിയന്‍ മോഡലായ മെലനിയ ബിസിനസ്സുകാരനായ ഡോണള്‍ഡ് ട്രംപിനെ വിവാഹം ചെയ്ത്. 2006ല്‍ അവര്‍ക്ക് ബാരണ്‍ എന്ന മകന്‍ പിറന്നു. 2001 മുതല്‍ മെലനിയ യുഎസ് പൗരയാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ഈ പ്രഥമ ദമ്പതികളുടെ അസ്വാരസ്യങ്ങളെ കുറിച്ച് യുഎസില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ട്രംപിന്റെ എല്ലാ പ്രസംഗവേദികളിലും പ്രത്യക്ഷപ്പെട്ടിരുന്ന മെലാനിയയെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കാണാതിരുന്നതുതന്നെ സംശയങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു. പ്രഥമ വനിത എന്ന സ്ഥാനം തന്റെ സ്വകാര്യതയ്ക്കു ഭംഗം വരുത്തുന്നതായും അതിനോട് വിരക്തി തോന്നിത്തുടങ്ങിയതായും അടുത്തിടെ ചോര്‍ന്നു പുറത്തെത്തിയ ഓഡിയോ ടേപ്പുകളും വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button