വാഷിങ്ടണ്‍: ‘വ്യാജ മാധ്യമ’ങ്ങളുടെ കണ്ണില്‍ മാത്രമാണ് ബൈഡന് വിജയിച്ചതെന്ന് ഡൊണാള്‍ഡ് ട്രംപ്. തിരഞ്ഞെടുപ്പില്‍ ഇതുവരെ തോല്‍വി സമ്മതിക്കാത്ത ഡൊണാള്‍ഡ് ട്രംപില്‍നിന്ന് ആദ്യമായി ഭരണമാറ്റത്തിന്റെ സൂചന ഉയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് വീണ്ടും ആരോപണവുമായി ട്രംപ് രംഗത്തെത്തിയത്.
‘ വ്യാജ മാധ്യമങ്ങളുടെ കണ്ണില്‍ മാത്രമാണ് അദ്ദേഹം വിജയിച്ചത്. ഞാന്‍ ഒന്നും സമ്മതിക്കുന്നില്ല. ഞങ്ങള്‍ക്ക് ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാനുണ്ട്. ഇതൊരു കടുത്ത തിരഞ്ഞെടുപ്പായിരുന്നു.’ ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ വൈറ്റ്ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ട്രംപ് ഭരണമാറ്റത്തിന്റെ സൂചന നല്‍കിയിരുന്നു. ”നിലവിലെ സര്‍ക്കാര്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തില്ല. എന്നാല്‍, ഭരണം മാറുമ്പോള്‍ എന്തുസംഭവിക്കുമെന്ന് പറയാനാകില്ല”. ഏതുഭരണമാണ് വരാനിരിക്കുന്നതെന്ന് കാലം തെളിയിക്കുമെന്നും ട്രംപ് പറഞ്ഞു.
ജയിക്കാനാവശ്യമായ 270 ഇലക്ടറല്‍ വോട്ടുകള്‍നേടി ജോ ബൈഡന് നേരത്തേ വിജയിച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, തോല്‍വി സമ്മതിക്കാതെ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന ആരോപണം ഉന്നയിക്കുകയായിരുന്നു ട്രംപ്.