BREAKING NEWSWORLD

ട്രംപ് അനുകൂലികള്‍ ഇരച്ചുകയറി: യുഎസ് പാര്‍ലമെന്റ് മന്ദിരം ഒഴിപ്പിച്ചു; ഒരു മരണം

വാഷിങ്ടന്‍: യുഎസ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കടന്ന് ട്രംപ് അനുകൂലികള്‍. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണു അക്രമാസക്തരായ ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്നത്.
കാപ്പിറ്റോള്‍ മന്ദിരത്തിനുള്ളില്‍ ഒരു സ്ത്രി വെടിയേറ്റു മരിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരുക്കേറ്റ അഞ്ച് പേരെ ആശുപത്രിയിലേക്കു മാറ്റി. കാപ്പിറ്റോള്‍ മന്ദിരത്തിനു സമീപത്തു നിന്ന് സ്‌ഫോടകവസ്തു കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കടന്നവരെ ഒഴിപ്പിക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരുമണിയോടെയാണു സംഭവങ്ങള്‍.
സെനറ്റിലും സഭാഹാളിലും പ്രതിഷേധക്കാര്‍ കടന്നതോടെ ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവച്ചു. യുഎസ് കോണ്‍ഗ്രസ് അംഗങ്ങളെ ഒഴിപ്പിച്ചു. യുഎസ് ചരിത്രത്തില്‍ ഇതാദ്യമാണ് പാര്‍ലമെന്റ് സമ്മേളിക്കുന്നതിടെ ഇത്തരമൊരു സുരക്ഷാവീഴ്ച.
ജനപ്രതിനിധി സഭയും സെനറ്റും ചേരുന്നതിനിടെയാണു സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അനുയായികള്‍ മന്ദിരത്തിനു പുറത്തു പ്രകടനമായെത്തിയത്. പൊലീസുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാര്‍ ആദ്യം ബാരിക്കേഡുകള്‍ തകര്‍ത്തു. പാര്‍ലമെന്റ് കവാടങ്ങള്‍ പൊലീസ് അടച്ചുപൂട്ടിയെങ്കിലും പ്രതിഷേധക്കാര്‍ മന്ദിരത്തിനകത്തു കടക്കുന്നതു തടയാനായില്ല.
കാപ്പിറ്റോള്‍ മന്ദിരം വളഞ്ഞ സംഭവത്തെ കലാപം സൃഷ്ടിക്കാനുള്ള ശ്രമമെന്നു വിശേഷിപ്പിച്ച ജോ ബൈഡന്‍, പിന്‍വാങ്ങാന്‍ അനുകൂലികള്‍ക്ക് നിര്‍ദേശം നല്‍കാന്‍ ട്രംപിനോട് ആവശ്യപ്പെട്ടു. സംഭവത്തെ അപലപിച്ച് ബ്രിട്ടനും അയര്‍ലന്‍ഡും രംഗത്തെത്തി.
ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്നു ആവര്‍ത്തിച്ച ട്രംപ്, പ്രതിഷേധക്കാരോടു സമാധാനം പാലിക്കാന്‍ അഭ്യര്‍ഥിച്ചു. പ്രതിഷേധസ്വരങ്ങളെ മൂടിവയ്ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും പറഞ്ഞു.
ബൈഡന്റെ വിജയം കോണ്‍ഗ്രസ് സമ്മേളനത്തില്‍ അംഗീകരിക്കരുതെന്ന ട്രംപിന്റെ അഭ്യര്‍ഥന നേരത്തെ വൈസ് പ്രസിഡന്റും സെനറ്റിലെ റിപ്പബ്ലിക്കന്‍ നേതാവുമായ മൈക്ക് പെന്‍സ് തള്ളിയതിനു പിന്നാലെയാണു നാടകീയ സംഭവങ്ങള്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker