വാഷിങ്ടന്‍: കാപിറ്റോള്‍ കലാപവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് നീക്കവുമായി ഡെമോക്രാറ്റുകള്‍. കലിഫോര്‍ണിയയില്‍നിന്നുള്ള ഡെമോക്രാറ്റ് അംഗം ടെഡ് ലിയു ഇംപീച്ച്മെന്റ് നീക്കം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഹൗസ് ജുഡീഷ്യറി കമ്മിറ്റിയിലെ ഡെമോക്രാറ്റ് പ്രതിനിധിയാണ് ടെഡ്. 180 പേരുടെ പിന്തുണ നീക്കത്തിനു പിന്നിലുണ്ട്.
തിങ്കളാഴ്ച യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റിവ്സില് ഡെമോക്രാറ്റുകള്‍ ട്രംപിനെതിരായ ഇംപീച്ച്മെന്റുമായി മുന്നോട്ടുപോകുമെന്ന് ഷിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ലിയുവിനു പുറമേ റോഡ് ഐലന്‍ഡില്‍നിന്നുള്ള ഡേവിഡ് സിസിലിന്, മേരിലാന്‍ഡിലെ ജേമി റാസ്കിന്‍ എന്നിവരും കാപിറ്റോളിലെ കലാപത്തില്‍ ട്രംപിനെതിരെ നടപടി ആവശ്യപ്പെട്ട് ആര്‍ട്ടിക്കിള്‍ ഓഫ് ഇംപീച്ച്മെന്റിന്റെ ഭാഗമായിട്ടുണ്ട്. കലാപത്തിന് ട്രംപ് പ്രേരിപ്പിച്ചെന്നാണ് ആരോപണം.
യുഎസ് പ്രസിഡന്റായി ജോ ബൈഡന് തിരഞ്ഞെടുക്കപ്പെട്ടത് ഔദ്യോഗികമായി അംഗീകരിക്കാന്‍ കാപിറ്റോളില്‍ ചേര്‍ന്ന യോഗത്തിലേക്കാണ് ജനുവരി ആറിന് ട്രംപിന്റെ അനുയായികള്‍ സുരക്ഷ മറികടന്ന് ഇരച്ചുകയറിയത്. സംഭവത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ അഞ്ച് പേര് കൊല്ലപ്പെട്ടിരുന്നു. സംഭവം നടക്കുന്നതിന് തൊട്ടുമുന്‍പ് അനുയായികളോട് കാപിറ്റോളിലേക്കു മാര്‍ച്ച് ചെയ്യാന്‍ ട്രംപ് വൈറ്റ്ഹൗസില്‍ ആഹ്വാനം ചെയ്തിരുന്നു. കലാപവുമായി ബന്ധപ്പെട്ട് യുഎസ് ഫെഡറല്‍ ഡിസ്ട്രിക്ട് കോടതിയില്‍ 17 കേസുകളും ഡിസ്ട്രിക്ട് ഓഫ് കൊളംബിയ സുപീരിയര്‍ കോടതിയില്‍ 40 കേസുകളുമാണു റജിസ്റ്റര്‍ ചെയ്തത്.