വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടികള്‍ക്ക് തുടക്കമായി. കാപ്പിറ്റോള്‍ മന്ദിരത്തിനുെേനരയുണ്ടായ ആക്രമണത്തില്‍ ഡൊണാള്‍ഡ് ട്രംപിന് പങ്കുണ്ടെന്ന ആരോപണം ഉള്‍പ്പെടുന്ന പ്രമേയം തിങ്കളാഴ്ച യു.എസ്. ജനപ്രതിനിധിസഭയില്‍ അവതരിപ്പിച്ചു.
അക്രമത്തിനു തൊട്ടുമുമ്പ് അനുയായികളുടെ റാലിയെ അഭിസംബോധന ചെയ്ത ട്രംപ് നിയമവിരുദ്ധ നടപടികള്‍ക്ക് ആഹ്വാനം ചെയ്തതായി പ്രമേയത്തില്‍ ആരോപിക്കുന്നു.
25ാം ഭേദഗതി ഉപയോഗിച്ച് ട്രംപിനെ നീക്കംചെയ്യാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോട് ആവശ്യപ്പെടുന്ന പ്രമേയം സഭയില്‍ ചര്‍ച്ചയ്ക്കുവെച്ചെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധികള്‍ ശബ്ദവോട്ടോടെ തീരുമാനം തള്ളി. പ്രമേയത്തില്‍ ചൊവ്വാഴ്ച വോട്ടെടുപ്പിലൂടെ തീരുമാനമെടുക്കും. പ്രമേയം പാസായാല്‍ തീരുമാനമെടുക്കാന്‍ പെന്സിന് 24 മണിക്കൂര്‍ സമയം നല്‍കുമെന്ന് ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസി വ്യക്തമാക്കി.
പെന്‍സ് ഇതിനു തയ്യാറായില്ലെങ്കില്‍ ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുമെന്നും അവര്‍ വ്യക്തമാക്കി.
പ്രസിഡന്റിന് തന്റെ ചുമതലകള്‍ തുടരാന്‍ സാധിക്കാതെ വരുന്ന സാഹചര്യത്തില്‍ വൈസ്പ്രസിഡന്റിന് ആക്ടിങ് പ്രസിഡന്റിന്റെ അധികാരം നല്‍കുന്നതാണ് അമേരിക്കന്‍ ഭരണഘടനയിലെ 25ാം ഭേദഗതി. ഭേദഗതിയുടെ നാലാം പരിച്ഛേദപ്രകാരം പ്രസിഡന്റിന് ശാരീരിക, മാനസിക രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ഭരണനിര്‍വഹണത്തിന് തടസ്സം നേരിട്ടാല്‍ ഭേദഗതി ഉപയോഗിക്കാം. വൈസ്പ്രസിഡന്റും മന്ത്രിസഭയിലെ ഭൂരിഭാഗവും ഒപ്പിട്ട കത്ത്, ജനപ്രതിനിധിസഭാ സ്പീക്കര്‍ക്കും സെനറ്റിലെ അധ്യക്ഷനും കൈമാറും.
കത്തില്‍ പ്രസിഡന്റിന് അഭിപ്രായം അറിയിക്കാം. പ്രസിഡന്റ് എതിര്‍ക്കുന്ന പക്ഷം, കോണ്‍ഗ്രസില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ പ്രസിഡന്റിന് അധികാരം നഷ്ടമാകും.