വാഷിങ്ടണ്‍: ഇന്നു ബൈഡന്റെ സ്ഥാനാരോഹണച്ചടങ്ങു കാണാന്‍ നില്‍ക്കാതെ 3 മണിക്കൂര്‍ മുന്‍പെങ്കിലും ട്രംപ് വൈറ്റ്ഹൗസ് വിടുമെന്നു റിപ്പോര്‍ട്ടുകള്‍. ഫ്ലോറിഡയിലെ മാരലഗോയിലെ സ്വന്തം റിസോര്‍ട്ടിലേക്കാണു ട്രംപ് കുടുംബം മാറുന്നത്. ഇവിടെയുള്ള സ്വകാര്യവസതി ക്ലബ് ആക്കി മാറ്റിയതിനെതിരെ നാട്ടുകാരുടെ പരാതി നിലനില്‍ക്കുന്നതിനിടെയാണിത്.
വാഷിങ്ടന്‍ സമയം ഇന്നു രാവിലെ 8ന് ആന്‍ഡ്രൂസ് ജോയിന്റ് ബേസില്‍ പ്രത്യേക യാത്രയയപ്പു ചടങ്ങു നടക്കുമെന്നാണ് വൈറ്റ് ഹൗസ് അറിയിപ്പ്. അതിഥികളെ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ പെന്റഗണ്‍ വകയായി സേന നല്കുന്ന യാത്രയയപ്പു ചടങ്ങ് ഉണ്ടാകില്ല. വൈസ് പ്രസിഡന്റ് പെന്‍സും ഭാര്യയും കഴിഞ്ഞ വാരാന്ത്യത്തില്‍ ന്യൂയോര്‍ക്കിലും കലിഫോര്‍ണിയയിലുമായി സേനയ്ക്കു നന്ദിയര്‍പ്പണച്ചടങ്ങു നടത്തിയിരുന്നു. സ്ഥാനമൊഴിയുന്ന പ്രഥമവനിത മെലനിയ ട്രംപ് വൈറ്റ് ഹൗസില്‍നിന്നു യാത്രപറഞ്ഞുള്ള വിഡിയോ സന്ദേശം പങ്കു വച്ചിട്ടുണ്ട്.
ബൈ!ഡന് ജയിച്ചതായി ഇനിയും അംഗീകരിക്കാതെ ഇടഞ്ഞു നില്ക്കുന്ന ട്രംപ് സ്കോട്ലന്‍ഡിലെ സ്വന്തം ഗോള്‍ഫ് കോഴ്സിലേക്കു പോകുമെന്ന് ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഏഴാം അസാന്നിധ്യം
സ്ഥാനമൊഴിയുന്ന പ്രസിഡന്റിന്റെ അസാന്നിധ്യത്തില്‍ നടന്ന സത്യപ്രതിജ്!ഞകള്‍ യുഎസ് ചരിത്രത്തിലുണ്ട്.
സത്യപ്രതിജ്ഞാ തീയതി, സ്ഥാനമേല്‍ക്കുന്ന പ്രസിഡന്റ്, സ്ഥാനമൊഴിയുന്ന പ്രസിഡന്റ്, വിട്ടുനിന്നതിന്റെ കാരണം :
* 1801 മാര്‍ച്ച് 4 – തോമസ് ജഫേഴ്സണ്‍ (ഡമോക്രാറ്റിക് റിപ്പബ്ലിക്കന്‍) – ജോണ്‍ ആഡംസ് (ഫെഡറലിസ്റ്റ്) – പരാജയം
* 1829 മാര്‍ച്ച് 4 – ആന്‍ഡ്രൂ ജാക്സണ് (ഡമോക്രാറ്റിക്) – ജോണ്‍ ക്വിന്‍സി ആഡംസ് (നാഷനല്‍ റിപ്പബ്ലിക്കന്‍) – പരാജയം
* 1841 മാര്‍ച്ച് 4 – വില്യം ഹെന്റി ഹാരിസണ്‍ (വിഗ്) മാര്ട്ടിന് വാന്‍ ബ്യൂറന്‍ (ഡെമോക്രാറ്റിക്) – കാരണം അജ്ഞാതം; പരാജയമാകാം
* 1869 മാര്‍ച്ച് 4 – യുളിസസ് എസ് ഗ്രാന്റ് (റിപ്പബ്ലിക്കന്‍) – ആന്‍ഡ്രൂ ജോണ്സണ് (ഡമോക്രാറ്റിക്) – കാരണം അജ്ഞാതം; സ്ഥാനാര്‍ഥിയല്ല, ജനപ്രതിനിധിസഭയുടെ ഇംപീച്മെന്റ് ആകാം
* 1921 മാര്‍ച്ച് 4 – വറെന്‍ ജി. ഹാര്‍ഡിങ് (റിപ്പബ്ലിക്കന്‍) – വുഡ്രോ വില്സന് (ഡമോക്രാറ്റിക്) – സ്ഥാനാര്‍ത്ഥിയല്ല; അനാരോഗ്യം
* 1974 ഓഗസ്റ്റ് 9 – ജെറാള്‍ഡ് ഫോഡ് (റിപ്പബ്ലിക്കന്‍) – റിച്ചഡ് നിക്സന് (റിപ്പബ്ലിക്കന്‍) – രാജിവച്ചൊഴിയല്‍
* 2021 ജനുവരി 20 – ജോ ബൈഡന് (ഡമോക്രാറ്റിക്) ഡോണള്‍ഡ് ട്രംപ് (റിപ്പബ്ലിക്കന്‍) പരാജയം