BREAKING NEWSWORLD

കാപിറ്റോള്‍ കലാപം: ഡൊണാള്‍ഡ് ട്രംപ് കുറ്റവിമുക്തന്‍

വാഷിങ്ടണ്‍: കാപിറ്റോള്‍ കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്ത അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റവിമുക്തന്‍. കുറ്റക്കാരന്‍ ആണോ എന്ന് വിധിക്കാനുള്ള സെനറ്റ് വിചാരണ ഇന്ത്യന്‍ സമയം ഞായറാഴ്ച രണ്ടര മണിയോടെയാണ് പൂര്‍ത്തിയായത്. പ്രമേയത്തെ 57 പേര്‍ അനുകൂലിച്ചെങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ കുറ്റക്കാരനെന്ന് വിധിക്കാനായില്ല.
ഇത് രണ്ടാം തവണയാണ് സെനറ്റ് ട്രംപിനെ കുറ്റവിമുക്തനാക്കുന്നത്. 2019 ഡിസംബറിലും ഈ വര്‍ഷം ജനവരി 13നും ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു. ഈ വര്‍ഷം ജനവരി ആറിന് കാപിറ്റോളിന് നേരെയുണ്ടായ ട്രംപ് അനുകൂലികളുടെ ആക്രമണം അദ്ദേഹത്തിന്റെ പ്രേരണയാലാണെന്ന ആരോപണമാണ് ജനപ്രതിനിധിസഭയുടെ മുന്നിലെത്തിയത്.
വാഷിങ്ടന്‍ സമയം ഇന്നലെ വൈകിട്ട് (ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെ) വോട്ടെടുപ്പു നടന്നു. സാക്ഷികളെ ഹാജരാക്കുന്ന നടപടി ഒഴിവാക്കിയതോടെയാണ് സെനറ്റ് വോട്ടെടുപ്പിലേക്ക് വേഗം നീങ്ങിയത്. 50– 50 എന്നിങ്ങനെ ഡമോക്രാറ്റ്, റിപ്പബ്ലിക്കന്‍ കക്ഷിനിലയുള്ള നൂറംഗ സെനറ്റില്‍ ഇംപീച്‌മെന്റ് പാസാകാന്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണമെന്നിരിക്കെ (67 വോട്ട്) ട്രംപ് കുറ്റവിമുക്തനാക്കപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു.
മുന്‍ പ്രസിഡന്റിന് അനുകൂലമായി വോട്ടു ചെയ്ത സെനറ്റിലെ റിപ്പബ്ലിക്കന്‍ നേതാവ് മിച്ച് മകനല്‍ തുടര്‍ന്നു നടത്തിയ പ്രസംഗത്തിലെ വൈരുധ്യവും ചര്‍ച്ചയായി. പ്രായോഗികമായി ചിന്തിക്കുമ്പോള്‍ ട്രംപാണ് ജനുവരി 6നു കലാപകാരികള്‍ നടത്തിയ പാര്‍ലമെന്റ് ആക്രമണത്തിനു കാരണക്കാരനെന്നാണു മകനല്‍ പറഞ്ഞത്. എങ്കിലും ട്രംപിനെ കുറ്റവിമുക്തനാക്കാന്‍ വോട്ടു ചെയ്തു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ട്രംപ് കുറ്റക്കാരനെന്നു വോട്ടു ചെയ്ത റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍: റിച്ചഡ് ബര്‍, ബില്‍ കാസിഡി, സൂസന്‍ കോളിന്‍സ്, ലിസ മര്‍കോവ്‌സ്‌കി, മിറ്റ് റോമ്‌നി, ബെന്‍ സാസെ, പാറ്റ് റ്റൂമി.
യുക്രെയ്ന്‍ പ്രസിഡന്റുമായി ഗൂഢാലോചന നടത്തി ഡമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരെ കേസന്വേഷണത്തിനു ശ്രമിച്ചെന്ന ആരോപണത്തിലായിരുന്നു ട്രംപിന്റെ ആദ്യത്തെ കുറ്റവിചാരണ. അന്ന് ബൈഡന്‍ ഡമോക്രാറ്റ് പാര്‍ട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായിട്ടില്ല. വിചാരണയ്ക്കു ശേഷം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സെനറ്റ് വോട്ടെടുപ്പു നടത്തിയപ്പോള്‍ വിധി ട്രംപിന് അനുകൂലമായി. ഇപ്പോള്‍ രണ്ടാം കുറ്റവിചാരണയും സെനറ്റിലെ റിപ്പബ്ലിക്കന്‍ അംഗബലത്തിലാണു ട്രംപ് അതിജീവിച്ചത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker