കൊല്ലം: പ്രമുഖ എഴുത്തുകാരി ജയഗീതയെ മാനസികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതികളെ വെറുതേ വിട്ട് കോടതി. 2012 ല്‍ നടന്ന സംഭവത്തിന് ആസ്പദമായ കേസില്‍ രണ്ട് റെയില്‍വേ ടി ടി ഇമാരായിരുന്നു പ്രതിചേര്‍ക്കപ്പെട്ടിരുന്നത്. സീസണ് ടിക്കറ്റുമായി ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ടുമെന്റില്‍ ജയഗീത യാത്ര ചെയ്തുവെന്ന വാദത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് 8 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് വഴിവച്ചത്.
ടി ടി ഇമാരായ ജാഫര്‍ ഹുസൈന്, ജി ആര് പ്രവീണ്‍ എന്നിവരെയാണ് കൊല്ലം ജില്ലാ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി വെറുതേ വിട്ടത്. പരാതിക്കാരി പറയുന്നത് ശരിയല്ലെന്നുംറെയില്വേ ഉദ്യോഗസ്ഥര്‍ നിയമം നടപ്പാക്കുകയായിരുന്നുവെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം പരിഗണിച്ചാണ് ഇരു ടിടിഇമാരെയും വെറുതേ വിട്ടത്.
2012 ലാണ് കേസിനാസ്പദമായ സംഭവം. ആസൂത്രണ ബോര്‍ഡ് ഉദ്യോഗസ്ഥയായിരുന്ന ജയഗീത സീസണ് ടിക്കറ്റുമായി ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ടുമെന്റില്‍ സഞ്ചരിച്ചുവെന്നായിരുന്നു ടി ടി ഇമാരുടെ കണ്ടെത്തല്‍. ഇതിനു മുന്‍പും ജയഗീത ഇത്തരത്തില്‍ സഞ്ചരിച്ചുവെന്നത് വിചാരണ വേളയില്‍ പ്രതിഭാഗത്തിന് തെളിയിക്കാനായി. അന്ന് തീവണ്ടിയിലുണ്ടായിരുന്ന ടി ടി ഇയെ സാക്ഷിയായി വിസ്തരിക്കുകയും ചെയ്തു. കേസില്‍ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും നഷ്ടപരിഹാരത്തിനായി മേല്‍ക്കോടതിയെ സമീപിക്കാനാണ് ടി ടി ഇമാരുടെ തീരുമാനം.
അതേസമയം, സീസണ് ടിക്കറ്റുമായി ഫസ്റ്റ് ക്ലാസില്‍ സഞ്ചരിച്ചതിന് റെയില്‍വേ ജയഗീതക്കെതിരെ കേസെടുത്തിരുന്നു. ആ കേസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ടി ടി ഇമാര്‍ മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് തീവണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അവിടെയുണ്ടായിരുന്നു. റെയില്‍വേ പോലീസിനെ വിവരമറിയിച്ചത് അദ്ദേഹമായിരുന്നു.