കൊച്ചി: രാഷ്ട്രീയ കേരളത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ആവേശപ്പോരാട്ടം നടക്കുന്ന കിഴക്കമ്പലത്തിനു പുറമെ, ഇത്തവണ സാന്നിധ്യമറിയിച്ച സമീപ പഞ്ചായത്തുകളിലും വന്‍ നേട്ടമുണ്ടാക്കി ജനകീയ കൂട്ടായ്മയായ ട്വന്റി20. 2015ല്‍ മൂന്നു മുന്നണികളെയും അട്ടിമറിച്ച് പഞ്ചായത്ത് പിടിച്ച ട്വന്റി20, ഇത്തവണയും കിഴക്കമ്പലത്ത് ഭരണം നിലനിര്‍ത്തുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതിനിടെ ആദ്യമായി മത്സരിച്ച ഐക്കരനാട് ഗ്രാമപഞ്ചായത്തില്‍ ട്വന്റി20 കൂട്ടായ്മ പ്രതിപക്ഷമില്ലാതെ ഭരിക്കും. ഇവിടുത്തെ 14 വാര്‍ഡുകളിലും ട്വന്റി20 സ്ഥാനാര്‍ഥികള്‍ വിജയിച്ചു.
കിഴക്കമ്പലത്ത് 19 വാര്‍ഡുകളില്‍ വോട്ടെണ്ണിത്തീര്‍ന്ന ആദ്യ 5 വാര്‍ഡുകളിലും ട്വന്റി20 സ്ഥാനാര്‍ഥികള്‍ ജയിച്ചു. വോട്ടെടുപ്പു ദിനത്തില്‍ കിഴക്കമ്പലത്ത് വോട്ടു ചെയ്യാനെത്തിയ വയനാട് സ്വദേശി പ്രിന്റുവിനും ഭാര്യയ്ക്കും മര്‍ദനമേറ്റതിലൂടെ മാധ്യമശ്രദ്ധ നേടിയ കിഴക്കമ്പലം ഏഴാം വാര്‍ഡിലും ട്വന്റി20 ജയിച്ചു. യുഡിഎഫ്–എല്‍ഡിഎഫ് സംയുക്ത സ്ഥാനാര്‍ഥിയായ അമ്മിണി രാഘവനാണ് ഇവിടെ പരാജയപ്പെട്ടത്.
ഐക്കരനാടിനു പുറമെ ട്വന്റി20 ആദ്യമായി മത്സരരംഗത്തെത്തിയ മഴുവന്നൂര്‍ പഞ്ചായത്തിലെ 19 വാര്‍ഡുകളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായ എട്ടെണ്ണത്തില്‍ ആറിടത്തും ട്വന്റി20 സ്ഥാനാര്‍ഥികള്‍ വിജയിച്ചു. കുന്നത്തുനാട് പഞ്ചായത്തിലെ 18 വാര്‍ഡുകളിലെ ഏഴെണ്ണത്തില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ആറിടത്തും ട്വന്റി20ക്കാണ് ജയം. ഏഴ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളില്‍ മൂന്നിടത്തും ട്വന്റി20 സ്ഥാനാര്‍ഥികള്‍ക്ക് ലീഡുണ്ട്. വെങ്ങോല ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ട്വന്റി20 സ്ഥാനാര്‍ഥി ലീഡ് ചെയ്യുന്നു.
കിഴക്കമ്പലം പഞ്ചായത്തില്‍ 2015ല്‍ നേടിയ വിജയഗാഥയുമായി ട്വന്റി20 ഇത്തവണ നാല് പഞ്ചായത്തുകളിലാണ് മത്സര രംഗത്തുണ്ടായിരുന്നത്. 2015ല്‍ കിഴക്കമ്പലത്തു 19ല്‍ 17 സീറ്റും പിടിച്ചെടുത്ത ട്വന്റി20 ഇത്തവണ മഴുവന്നൂര്‍, ഐക്കരനാട്, കുന്നത്തുനാട് പഞ്ചായത്തുകളിലും സ്ഥാനാര്‍ഥികളെ രംഗത്തിറക്കി. ഇതിനു പുറമെ ബ്ലോക്ക് പഞ്ചായത്തുകളിലും കരുത്തു പരീക്ഷിക്കുന്നുണ്ട്. ട്വന്റി20യെ വീഴ്ത്താന്‍ മൂന്നു മുന്നണികളും കിഴക്കമ്പലത്ത് അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നെങ്കിലും, അത് ഫലം കണ്ടില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ കൂടുതല്‍ വോട്ടും സീറ്റും ഉറപ്പിച്ചാണ് ഇത്തവണ ട്വന്റി20 കളത്തില്‍ ഇറങ്ങിയത്. വളരെ നേരത്തെ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സംഘടന പ്രചാരണ രംഗത്ത് സജീവമായിരുന്നു.
2015ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ സംസ്ഥാനം ഇതുവരെ കാണാത്ത രാഷ്ട്രീയ മാതൃകയെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു കിഴക്കമ്പലം പഞ്ചായത്തിലെ വോട്ടര്‍മാര്‍. വികസന മുദ്രാവാക്യവുമായെത്തിയ ജനകീയ കൂട്ടായ്മ ട്വന്റി20ക്ക് പിന്നില്‍ വോട്ടര്‍മാര്‍ അണിനിരന്നപ്പോള്‍ 19ല്‍ 17 സീറ്റും നേടി അവര്‍ പഞ്ചായത്ത് ഭരണം പിടിച്ചു.