BREAKING NEWSKERALA

കഥാവശേഷനായത് പകരക്കാരനില്ലാത്ത സാഹിത്യകാരന്‍

മലയാള സാഹിത്യ ലോകത്ത് പകരം വെക്കാനില്ലാത്ത നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമായിരുന്നു യു.എ. ഖാദര്‍. പത്രാധിപരായും സര്‍ക്കാര്‍ ഉദ്യോഗസ്ഥനായും അങ്ങനെ പ്രവര്‍ത്തന മണ്ഡലം നിരവധി. പുരാവൃത്തങ്ങളെ പ്രതിപാദ്യതലത്തിലും പ്രതിപാദനരീതിയിലും പിന്‍പറ്റുന്ന വ്യത്യസ്തമായ ശൈലിയിലൂടെ ശ്രദ്ധേയമയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. മലയാളത്തിലെ അസ്തിത്വവാദാധിഷ്ഠിതമായ ആധുനികതയുടെ രീതികളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന അദ്ദേഹത്തിന്റെ രചനകള്‍ എന്നും മലയാള സാഹത്യത്തില്‍ അപൂര്‍വ്വതകള്‍ നിറഞ്ഞതായിരുന്നു.
1935ല്‍ പഴയ ബര്‍മ്മയിലെ റംഗൂണിനു സമീപം മോണ്‍ സംസ്ഥാനത്ത് മലയാളിയായ മൊയ്തീന്‍ കുട്ടി ഹാജിയുടെയും മ്യാന്‍മര്‍ സ്വദേശിയായ മമോദിയുടെയും മകനായി ഇരാവതി നദിയോരത്തെ ബില്ലിന്‍ എന്ന ഗ്രാമത്തിലാണ് യു എ ഖാദര്‍ ജനിച്ചത്. ഇദ്ദേഹം ജനിച്ച് മൂന്ന് ദിവസത്തിന് ശേഷം മാതാവായ മമദി വസൂരിയെന്ന മഹാമരി പിടിപെട്ടു മരണപ്പെട്ടു. എന്നിരുന്നാലും, നവജാതശിശു നന്നായി പരിപാലിക്കപ്പെട്ടു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചപ്പോള്‍ ബാലനായിരുന്ന ഖാദറും കുടുംബവും ബര്‍മയിലെ വാസസ്ഥലത്തുനിന്ന് മറ്റു സുരക്ഷിത മേഖലകളിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി തീര്‍ന്നു . തുടര്‍ന്നു ഏഴാമത്തെ വയസ്സില്‍ യു എ ഖാദര്‍ പിതാവിനോടൊപ്പം കേരളത്തിലേക്ക് മടങ്ങുകയും പിതാവിന്റെ ജന്മനാടായ കൊയിലാണ്ടിയില്‍ എത്തുകയും ഒരു മലയാളിയായി വളരുകയും ചെയ്തു.
കൊയിലാണ്ടി ഗവണ്മെന്റ് ഹൈസ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയശേഷം മദ്രാസ് കോളെജ് ഓഫ് ആര്‍ട്ട്‌സില്‍ നിന്ന് ചിത്രകലയില്‍ ബിരുദം നേടി. ചെന്നൈയില്‍ ഒരു വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കെ. എ. കൊടുങ്ങല്ലൂരിനേപ്പോലെയുള്ള എഴുത്തുകാരും സി. എച്ച്. മുഹമ്മദ് കോയയെപ്പോലുള്ള സാമൂഹ്യ പ്രവര്‍ത്തകരുമായുമായുള്ള ബന്ധം പുലര്‍ത്തിയിരുന്നു . ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി . സി. എച്ച്. മുഹമ്മദ് കോയയാണ് അദ്ദേഹത്തിന് ബാല്യകലസഖി എന്ന കൃതി വായിക്കുവാന്‍ നല്‍കിക്കൊണ്ട് സാഹിത്യ ലോകത്തേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനത്തിന് തുടക്കമിട്ടത്.
മദ്രാസ്സില്‍ താമസിക്കുന്ന കാലത്ത് കേരളസമാജം സാഹിത്യസംഘവുമായുള്ള ബന്ധം എഴുത്തിനു വലിയ മുതല്‍ക്കൂട്ടായി . 1953 മുതല്‍ ആനുകാലികങ്ങളില്‍ കഥയെഴുതിത്തുടങ്ങി. 1956ല്‍ നിലമ്പൂരിലെ ഒരു മരക്കമ്പനിയില്‍ ഗുമസ്തനായി ജോലി ആരംഭിച്ചു . 1957 മുതല്‍ ദേശാഭിമാനി ദിനപത്രത്തിന്റെ പ്രപഞ്ചം വാരികയുടെ സഹപത്രാധിപര്‍. പിന്നീട് ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കല്‍ കോളെജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറ്റേണല്‍ ആന്റ് ചൈല്‍ഡ് ഹെല്‍ത്തിലും ഗവണ്മെന്റ് ആശുപത്രിയിലും ജോലിചെയ്തു. 1990ല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നു വിരമിച്ചു. കഥാസമാഹാരങ്ങള്‍, ലേഖനങ്ങള്‍ , നോവലുകള്‍ തുടങ്ങി 40ല്‍ ഏറെ കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട് .
നോവലുകള്‍, കഥാസമാഹാരങ്ങള്‍, ലേഖനങ്ങള്‍, യാത്രാവിവരണം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി എഴുപതോളം കൃതികളുടെ കര്‍ത്താവായ ഖാദറിന്റെ ‘തൃക്കോട്ടൂര്‍ പെരുമ’ മലയാളഭാഷയിലുണ്ടായ ദേശപുരാവൃത്തരചനകളില്‍ പ്രധാനപ്പെട്ടതാണ്. ഖാദറിന്റെ ഈ രചനയോടെ തൃക്കോട്ടൂര്‍ ഐതിഹ്യത്തിന്റെ നാടായി മലയാളിയുടെ ബോധത്തില്‍ സ്ഥിരപ്രതിഷ്ഠനേടി. തൃക്കോട്ടൂര്‍ കഥകള്‍, കൃഷ്ണമണിയിലെ തീനാളം, അഘോരശിവം, വായേ പാതാളം, കലശം, ഖുറൈശിക്കൂട്ടം, പൂമരത്തളിരുകള്‍ എന്നിവയാണ് പ്രധാനരചനകള്‍.
ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് ഭാഷകളില്‍ കഥകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയില്‍ അംഗവും സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം വൈസ് പ്രസിഡന്റുമായിരുന്നു.
‘തൃക്കോട്ടൂര്‍ പെരുമ’യ്ക്ക് 1983ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും തൃക്കോട്ടൂര്‍ നോവലുകള്‍ക്ക് 2009ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. എസ്.കെ. പൊറ്റെക്കാട്ട് അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങളും യു.എ. ഖാദറിനെത്തേടിയെത്തി.

Related Articles

Back to top button