BREAKING NEWSWORLD

യുഎഇയുടെ ചൊവ്വാദൗത്യം വിജയം; ഈ നേട്ടം കൈവരിച്ച ആദ്യ അറബ് രാജ്യം

ദുബായ്: അറബ് നാടുകളുടെ ചരിത്രത്തില്‍ ഒരു പൊന്‍തൂവല്‍ ചേര്‍ത്ത് യു എ ഇ. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ചൊവ്വാ ദൗത്യ പര്യവേക്ഷണ ഉപഗ്രഹമായ ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യവും ആദ്യ അറബ് രാജ്യവുമാണ് യു എ ഇ.
ഹോപ് പ്രോബിന്റെ പരീക്ഷണ ദൗത്യങ്ങള്‍ എത്രയും പെട്ടെന്നു തന്നെ ആരംഭിക്കുമെന്ന് യു എ ഇ അറിയിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണ പഥത്തില്‍ പ്രവേശിച്ചത്. ഏഴുമാസത്തെ യാത്രയ്ക്ക് ശേഷമായിരുന്നു ഹോപ് പ്രോബ് ലക്ഷ്യം കണ്ടത്.
ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ച ഹോപ് പ്രോബ് ഒരാഴ്ചയ്ക്കുള്ളില്‍ ചിത്രങ്ങള്‍ അയച്ചു തുടങ്ങും. ചൊവ്വയിലെ ഒരു വര്‍ഷം കൊണ്ട് അതായത് ഏകദേശം ഭൂമിയിലെ 687 ദിവസങ്ങള്‍ കൊണ്ട് ആയിരിക്കും ഈ വിവരശേഖരണം പൂര്‍ണമായി നടത്തുക. മൂന്ന് അത്യാധുനിക സംവിധാനങ്ങളിലൂടെ ആയിരിക്കും പര്യവേക്ഷണം നടത്തുക. അത്രയും കാലത്തോളം ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ തുടരും.
ചൊവ്വയെ ഒന്നു ചുറ്റാന്‍ 55 മണിക്കൂറാണ് ഹോപ് പ്രോബിന് ആവശ്യമായി വരിക. ആയിരം കിലോമീറ്റര്‍ അടുത്തു വരെ പോകാന്‍ സാധിക്കും. ചൊവ്വയുടെ ഭ്രമണപഥത്തില്‍ ഹോപ് പ്രോബ് സഞ്ചരിക്കുന്ന ഏറ്റവും അകന്ന ദൂരം 49380 കിലോമീറ്റര്‍ ആണ്. 493 ദശലക്ഷം സഞ്ചരിച്ചാണ് ഹോപ് പ്രോബ് ചൊവ്വയില്‍ എത്തിയത്.
ഹോപ് പ്രോബ് പര്യവേക്ഷണം നടത്തുന്നത് എമിറേറ്റ്‌സ് മാര്‍സ് സ്‌പെക്ട്രോ മീറ്റര്‍, എമിറേറ്റ്‌സ് മാര്‍സ് ഇമേജര്‍, എമിറേറ്റ്‌സ് മാര്‍സ് ഇന്‍ഫ്രാറെഡ് സ്‌പെക്ട്രോമീറ്റര്‍ എന്നീ മൂന്ന് ഉപകരണങ്ങള്‍ ഉപയോഗിച്ചാണ്. ഓരോ ഭ്രമണത്തിലും എമിറേറ്റ്‌സ് മാര്‍സ് സ്‌പെക്ട്രോ മീറ്റര്‍ 20 ചിത്രങ്ങള്‍ വീതം ഭൂമിയിലേക്ക് അയയ്ക്കും. പൊടി, ഐസ്, നീരാവി, താപനില, ജലം എന്നിവ മനസിലാക്കാന്‍ ഉതകുന്ന ചിത്രങ്ങള്‍ ആയിരിക്കും ഇത്. ചൊവ്വയില്‍ നിന്ന് അയയ്ക്കുന്ന ചിത്രങ്ങള്‍ ഭൂമിയില്‍ എത്താന്‍ 11 മിനിറ്റ് വേണം.
മാര്‍സ് ഇമേജറും ഇതേ പോലെ ചിത്രങ്ങള്‍ അയയ്ക്കും. ആ ചിത്രങ്ങള്‍ പ്രധാനമായും ഓസോണ്‍, ജലം, ഐസ് എന്നിവയുടെ സാന്നിധ്യത്തെക്കുറിച്ചും ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അറിയാന്‍ ഉപകരിക്കുന്ന ചിത്രങ്ങള്‍ ആയിരിക്കും. 20 ചിത്രങ്ങള്‍ വീതമായിരിക്കും മാര്‍സ് ഇമേജര്‍ അയയ്ക്കുക.
ഇന്‍ഫ്രാറെഡ് സ്‌പെക്ട്രോമീറ്ററും ചിത്രങ്ങള്‍ അയയ്ക്കും. ചൊവ്വയില്‍ ഹൈഡ്രജന്‍, ഓക്‌സിജന്‍, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവയുടെ സാന്നിധ്യം മനസിലാക്കാന്‍ കഴിയുന്ന ചിത്രങ്ങള്‍ ആയിരിക്കും അയയ്ക്കുക.

Related Articles

Back to top button