യുഎഇ കോണ്‍സുലേറ്റിലേക്ക് ഏറ്റവും കൂടുതല്‍ വന്നത് ഈന്തപ്പഴം, അതും മൂന്നര വര്‍ഷം കൊണ്ട് 17,000 കിലോ

കൊച്ചി: തിരുവനന്തപുരത്തെ എല്ലാ കോണ്‍സുലേറ്റുകളുടെയും നയതന്ത്ര ഇറക്കുമതികള്‍ അന്വേഷിക്കാന്‍ കസ്റ്റംസിനു നിര്‍ദ്ദേശം. യു.എ.ഇ. കോണ്‍സുലേറ്റിന്റെ പേരില്‍ വന്ന നയതന്ത്ര ബാഗേജുകള്‍ സംശയമുനയിലായതിനെത്തുടര്‍ന്നാണിത്.
യു.എ.ഇ. കോണ്‍സുലേറ്റ് 2016ഒക്ടോബറില്‍ തുടങ്ങിയശേഷം ഏറ്റവുമധികം വന്നത് ഈന്തപ്പഴമാണെന്നു കണ്ടെത്തി. കോണ്‍സുല്‍ ജനറലിന്റെ സ്വന്തം ആവശ്യത്തിനെന്നപേരില്‍ 17,000 കിലോഗ്രാമാണ് യു.എ.ഇ.യില്‍നിന്ന് എത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം പിടിച്ച നയതന്ത്രബാഗിലും ഈന്തപ്പഴമുണ്ടായിരുന്നു.
മൂന്നരവര്‍ഷത്തിനിടെ ഒരാളുടെയോ കോണ്‍സുലേറ്റിന്റെയോ ആവശ്യത്തിന് ഇത്രയധികം ഈന്തപ്പഴം ഇറക്കുമതി ചെയ്തതില്‍ അസ്വഭാവികതയുണ്ടെന്നാണ് വിലയിരുത്തല്‍. വ്യക്തിപരമായ ആവശ്യത്തിന് വിദേശത്തുനിന്ന് എന്തുകൊണ്ടുവരാനും പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇത്രയധികം അളവിലെത്തുന്ന സാധനം ‘വാണിജ്യ ആവശ്യത്തിന്’ എന്നാണ് കസ്റ്റംസ് കണക്കാക്കുക. ഇതിന് വിലയുടെ 38.5 ശതമാനം കസ്റ്റംസ് ഡ്യൂട്ടി നിലവില്‍ അടയ്ക്കണം. ഇതിനു തയ്യാറായില്ലെങ്കില്‍ പിടിച്ചുവെയ്ക്കുകയാണു ചെയ്യാറുള്ളത്.
”കോണ്‍സുലേറ്റിലെ എല്ലാവരും വീതംവെച്ചു എന്ന് അവകാശപ്പെട്ടാല്‍പ്പോലും ഇത്രയധികം ഈന്തപ്പഴം എത്തിയെന്നത് അമ്പരപ്പുണ്ടാക്കുന്നതാണ്. ഇതേക്കുറിച്ച് സംസ്ഥാന പ്രോട്ടോകോള്‍ വിഭാഗത്തില്‍ യു.എ.ഇ. കോണ്‍സുലേറ്റ് എന്ത് അറിയിപ്പാണ് നല്‍കിയതെന്ന് ഞങ്ങള്‍ പരിശോധിക്കുന്നുണ്ട്” ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സ്വന്തം ആവശ്യത്തിനെന്ന പേരില്‍ വന്നത് പുറത്തേക്കു നല്‍കരുതെന്നാണു നിയമം. പുറത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ കസ്റ്റംസ് നിശ്ചയിക്കുന്ന നികുതിയടയ്ക്കണം. സാധാരണഗതിയില്‍ അന്താരാഷ്ട്ര കരാറനുസരിച്ച് കോണ്‍സുല്‍ജനറലോ കോണ്‍സുലേറ്റുകളോ വിദേശമന്ത്രാലയത്തിനു കീഴിലുള്ള സ്ഥാപനങ്ങളോ പുറമേനിന്നു കൊണ്ടുവരുന്ന സാധനങ്ങള്‍ക്ക് നികുതി ഈടാക്കാറില്ല.
വിദേശകാര്യമന്ത്രാലയത്തിന്റെ സെക്രട്ടേറിയറ്റുകള്‍ വഴിയാണ് നികുതി ഒഴിവാക്കി കൊടുക്കാറുള്ളത്. മന്ത്രാലയ സെക്രട്ടേറിയറ്റുകള്‍ ഇല്ലാത്ത കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ ഈ ചുമതല സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസിനാണ്.
എന്നാല്‍, കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും യു.എ.ഇ. കോണ്‍സുലേറ്റില്‍നിന്ന് നയതന്ത്ര ബാഗേജുകള്‍ക്ക് നികുതി ഒഴിവാക്കിനല്‍കാന്‍ ആവശ്യം വന്നിരുന്നില്ലെന്ന് സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ നേരത്തേ അറിയിച്ചിട്ടുണ്ട്.