ന്യൂഡല്‍ഹി: ബൗദ്ധികവെല്ലുവിളി നേരിടുന്ന കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് യൂണിഫൈഡ് ചാംപ്യന്‍ സ്കൂള്‍ പരിപാടിയുടെ ഭാഗമായി ഇന്ത്യയുള്‍പ്പെടെ ആറുരാജ്യങ്ങള്‍ക്ക് യു.എ.ഇ.യുടെ രണ്ടരക്കോടി ഡോളര്‍ (187 കോടി രൂപ) സഹായം. സ്പെഷ്യല്‍ ഒളിമ്പിക് ഭാരത് സ്ഥാപകന്‍ എയര്‍ മാര്‍ഷല്‍ ഡെന്‍സില്‍ കീലര്‍ ബുധനാഴ്ചയറിയിച്ചതാണ് ഇക്കാര്യം.
യു.എ.ഇ. കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന് ആണ് സഹായധനം പ്രഖ്യാപിച്ചത്. അര്‍ജന്റീന, ഈജിപ്ത്, റുവാണ്‍ഡ, റുമേനിയ, പാകിസ്താന് എന്നീ രാജ്യങ്ങളിലെ സ്പെഷ്യല്‍ ഒളിമ്പിക്സ് യൂണിഫൈഡ് ചാംപ്യന്‍ സ്കൂള്‍ പരിപാടിക്കും സഹായം കിട്ടും. ഇത്തരം കുട്ടികളെക്കൂടി ഉള്‍ച്ചേര്‍ക്കുന്ന സമൂഹമുണ്ടാക്കാന്‍ നാലുവര്‍ഷത്തെ പരിപാടിയിലൂടെ സാധിക്കുമെന്ന് എയര്‍മാര്‍ഷല്‍ കീലര്‍ പറഞ്ഞു.
ഘടനാപരമായ മാറ്റത്തിലൂടെ സമൂഹത്തില്‍ എല്ലാവരെയും ഉള്‍ച്ചേര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് യൂണിഫൈഡ് ചാമ്പ്യന്‍സ് സ്കൂള്‍ പരിപാടിയെന്ന് ഇന്ത്യയിലെ യു.എ.ഇ. സ്ഥാനപതി അഹമ്മദ് അല്‍ ബന്ന പറഞ്ഞു. ”ബൗദ്ധിക വെല്ലുവിളി നേരിടുന്നവരെ നിശ്ചയദാര്ഢ്യമുള്ളവരെന്നാണു പറയാറ്. നിശ്ചയദാര്‍ഢ്യമുള്ള അവരുടെ ജീവിതം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് ഈ പരിപാടി. ഈ ആറു രാജ്യങ്ങളിലെയും സ്പെഷ്യല്‍ ഒളിമ്പിക്സ് സംഘടനകള്‍വഴി ബൗദ്ധികവെല്ലുവിളി നേരിടുന്നവരെ ഉള്‍ച്ചേര്‍ക്കുന്ന വിദ്യാഭ്യാസ പദ്ധതികള്‍ വികസിപ്പിക്കാന്‍ പരിപാടി സഹായിക്കും” അദ്ദേഹം പറഞ്ഞു.
50 ലക്ഷം അത്ലറ്റുകളും 10 ലക്ഷം കോച്ചുമാരും ഒരുലക്ഷം സന്നദ്ധസേവകരും സ്പെഷ്യല്‍ ഒളിമ്പിക്സുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ട്. ബൗദ്ധികവും ശാരീരികവുമായ വെല്ലുവിളിനേരിടുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വര്‍ഷം മുഴുവന്‍ പരിശീലനം നല്കുന്ന കായികസംഘടനയാണ് സ്പെഷ്യല്‍ ഒളിമ്പിക്സ്. 50 ലക്ഷം അംഗങ്ങള്‍ ഇതിന്റെ ഗുണഭോക്താക്കളാണ്. 172 രാജ്യങ്ങളിലെ യൂണിഫൈഡ് സ്പോര്‍ട്സ് പങ്കാളികള്‍ ഇതിനുണ്ട്. ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സ്പെഷ്യല്‍ ഒളിമ്പിക്സ് ഭാരത്.
സ്പെഷ്യല്‍ ഒളിമ്പിക്സ് വേള്‍ഡ് സമ്മര്‍ ഗെയിംസും വിന്റര്‍ ഗെയിംസുമാണ് ലോകശ്രദ്ധയാകര്‍ഷിക്കുന്ന മത്സരങ്ങള്‍. 2019ലെ സമ്മര്‍ ഗെയിംസ് യു.എ.ഇ.യിലായിരുന്നു. 190 രാജ്യങ്ങളില്‍നിന്നുള്ള 7000 അത്ലറ്റുകള് അതില്‍ പങ്കെടുത്തു. 24 കായിക ഇനങ്ങളിലാണ് ഇവര്‍ മാറ്റുരച്ചത്.