പന്തീരാങ്കാവ് യുഎപിഎ കേസിൽ ജാമ്യം ലഭിച്ച അലൻ ശുഹൈബും താഹ ഫസലും ഇന്ന് ജയിൽ മോചിതരാകും. ഇരുവരുടേയും ജാമ്യക്കാരായി രക്ഷിതാക്കളിൽ ഒരാളും അടുത്ത ബന്ധുവും കൊച്ചി എൻഐഎ കോടതിയിൽ ഹാജരാകും. അറസ്റ്റിലായി പത്ത് മാസങ്ങൾക്ക് ശേഷമാണ് ഇരുവർക്കും പുറത്തിറങ്ങുന്നത്.
കടുത്ത ഉപാധികളോടെയാണ് കൊച്ചി എൻഐഎ കോടതി അലനും താഹയ്ക്കും ജാമ്യം അനുവദിച്ചത്.സിപിഐ (മാവോയിസ്റ്റ്) സംഘടനകളുമായി ബന്ധം പാടില്ല, മാതാപിതാക്കളിൽ ഒരാളുടെ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും സമർപ്പിക്കണം, എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടണം, പാസ്പോർട്ട് കെട്ടിവയ്ക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യമനുവദിച്ചത്.
മാവോയിസ്റ്റ് ബന്ധത്തിന് കൂടുതൽ തെളിവുകളൊന്നും ഹാജരാക്കാൻ ആയിട്ടില്ലെന്നും പത്ത് മാസത്തിലേറെയായി ജയിലിൽ കഴിയുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവരും ജാമ്യ ഹർജി സമർപ്പിച്ചത്. എന്നാൽ ഇരുവരുടെയും മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്നാണ് എൻഐഎ വാദം.