KERALALATEST

യുപിയില്‍ അറസ്റ്റിലായ മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളികളായ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യു എ പി എ ചുമത്തി. പന്തളം ചേരിക്കല്‍ സ്വദേശി അന്‍സാദ്, കോഴിക്കോട് സ്വദേശി ഫിറോസ് എന്നിവര്‍ക്കെതിരെയാണ് യു എ പി എ ചുമത്തിയത്. രണ്ടുപേരും കൂട്ടാളികള്‍ക്ക് സ്‌ഫോടകവസ്തുക്കള്‍ വിതരണം ചെയ്തതായി യുപി പൊലീസ് പറഞ്ഞു. ബോംബ് നിര്‍മ്മാണത്തിന് പരിശീലനം നല്‍കുന്നയാളാണ് ഫിറോസെന്നും അന്‍സാദ് ഹിറ്റ് സ്‌ക്വാഡ് തലവനാണെന്നും പൊലീസ് വിശദീകരിക്കുന്നു.
ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ രണ്ടുപേരെയും ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സ്‌ഫോടകവസ്തുക്കളും ആയുധങ്ങളുമായി ലക്‌നൗവിന് സമീപമുള്ള ക്രൂക്രിയില്‍ നിന്ന് ചൊവ്വാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ ക്രമസമാധാന തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ എത്തിയതെന്നും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് ഭീകരവിരുദ്ധ സേനയ്ക്ക് കൈമാറിയതായും എഡിജിപി അറിയിച്ചു. എടിഎസ് ലക്‌നൗ യൂണിറ്റിനാണ് അന്വേഷണ ചുമതല.
അതേസമയം, ആര്‍എസ്എസ് തിരക്കഥയുടെ ഭാഗമാണ് അറസ്റ്റെന്ന് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍. ഭീകരാക്രമണം എന്ന പരിഹാസ്യമായ കെട്ടുകഥ ചമച്ചാണ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ അന്‍ഷാദ്, ഫിറോസ് എന്നിവരെ ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തത്. മലയാളികളായ ഈ രണ്ടു പ്രവര്‍ത്തകരും സംഘടനാ വ്യാപനത്തിന്റെ ഭാഗമായി പശ്ചിമ ബംഗാളും ബിഹാറും സന്ദര്‍ശിച്ചിരുന്നു. ഫെബ്രുവരി 11ന് പുലര്‍ച്ചെ 5:40 ന് ബിഹാറിലെ കത്തിഹാറില്‍ നിന്നും മുംബൈയിലേക്ക് പോകാനായി ട്രെയിനില്‍ കയറിയ ഇവരെ അന്ന് വൈകിട്ടാണ് കുടുംബങ്ങള്‍ അവസാനമായി ഫോണില്‍ ബന്ധപ്പെട്ടത്. അതിന് ശേഷം അവരെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ലെന്ന് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ പറയുന്നു.
ഫെബ്രുവരി 16ന് രാവിലെ ഇവരുടെ കുടുംബങ്ങള്‍ കേരള പൊലീസിന് പ്രാദേശിക സ്റ്റേഷനുകളില്‍ പരാതി സമര്‍പ്പിച്ചു. ഈ പരാതി സമര്‍പ്പിച്ചതിന് ശേഷമാണ് യുപി എസ്ടിഎഫ് തിടുക്കത്തില്‍ ഒരു വാര്‍ത്താസമ്മേളനം വിളിച്ചതും അവരെ അറസ്റ്റ് ചെയതതിനു കാരണമായി ഭാവനയില്‍ വിരിഞ്ഞ ഭീകരാക്രമണമെന്ന കള്ളക്കഥ അവതരിപ്പിച്ചതും. തങ്ങളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ന്യായീകരിക്കാനായി യുപി പോലിസ് സിനിമാ തിരക്കഥക്ക് സമാനമായ കള്ളക്കഥകളാണ് ചമയ്ക്കുന്നത്. അന്‍ഷാദിനെയും ഫിറോസിനെയും ഫെബ്രുവരി 11 ന് അറസ്റ്റ് ചെയ്തതും ഫെബ്രുവരി 16 ന് അവരെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഹാജരാക്കിയതും ‘രാഷ്ട്ര സുരക്ഷക്ക് ഭീഷണി’ എന്ന കള്ളക്കഥ നിര്‍മിക്കാനുള്ള യുപി സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണെന്നും പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരവും സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താറും പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker