മുംബൈ: ബിജെപിക്കെതിരെ വെല്ലുവിളിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അധികാരമേറ്റതു മുതല്‍ സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമം നടക്കുകയാണ്. ധൈര്യമുണ്ടെങ്കില്‍ സര്‍ക്കാരിനെ മറിച്ചിടാന്‍ ഉദ്ധവ് വെല്ലുവിളിച്ചു. ഇന്ത്യ ഒരു പാര്‍ട്ടിയുടേയും സ്വകാര്യ സ്വത്തല്ലെന്നും തങ്ങളെ ആക്രമിക്കാന്‍ വരുന്നവര്‍ കരുത്തറിയുമെന്നും അദ്ദേഹം പറഞ്ഞു.
മണിമുഴക്കുന്നതും പാത്രം കൊട്ടുന്നതുമല്ല തന്റെ ഹിന്ദുത്വം. ശിവസേനയ്ക്ക് ആരുടേയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരിയേയും ഉദ്ദേശിച്ചുകൊണ്ടായിരുന്നു ഉദ്ധവിന്റെ പ്രസ്താവന. വിജയ് ദശമി സന്ദേശത്തിലാണ് ഉദ്ദവ് വിമര്‍ശനം ഉന്നയിച്ചത്.
ഹിന്ദുത്വം എന്നാല്‍ പൂജ മാത്രമല്ലെന്നാണ് മോഹന്‍ ഭഗവത് പറഞ്ഞത്. കറുത്ത തൊപ്പിവെച്ച് നമ്മുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുകയും മതനിരപേക്ഷ വാദിയെന്ന് വിളിക്കുകയും ചെയ്യുന്നവര്‍ ഭഗവതിന്റെ പ്രസംഗം കേള്‍ക്കണം. അദ്ദേഹത്തെ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നവര്‍ തൊപ്പി ധരിക്കുക. തലച്ചോറുണ്ടെങ്കില്‍ അദ്ദേഹത്തെ പിന്തുടരൂ. ഉദ്ധവ് പറഞ്ഞു.
മഹാരാഷ്ട്രയിലെ ആരാധനാലയങ്ങള്‍ തുറക്കാന്‍ വൈകുന്നതില്‍ ഗവര്‍ണര്‍ ഉദ്ധവിന് കത്തെഴുതിയിരുന്നു. ശിവസേനാ അധ്യക്ഷനായ ഉദ്ധവ് ഹിന്ദുത്വവാദം വിട്ട് മതനിരപേക്ഷ വാദിയായോ എന്നായിരുന്നു കത്തിന്റെ ചോദിച്ചിരുന്നത്. ഇതിനാണ് ഉദ്ധവിന്റെ മറുപടി.