BREAKING NEWSKERALA

അധികാരത്തിലെത്തിയാല്‍ ശബരിമല നിയമ നിര്‍മാണം: യുഡിഎഫ്

കാസര്‍കോട്: നിയമസഭ തിരഞ്ഞെടുപ്പില്‍ ശബരിമല യുവതീപ്രവേശ വിഷയവും സിപിഎമ്മിന്റെ വര്‍ഗീയ പരാമര്‍ശങ്ങളും പ്രചാരണ വിഷയമാക്കാന്‍ യുഡിഎഫ്. അധികാരത്തിലെത്തിയാല്‍ ശബരിമലയുടെ കാര്യത്തില്‍ നിയമനിര്‍മാണം നടത്തുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.
പാണക്കാട് തങ്ങളെ കാണാനെത്തുന്നതിനെ വിമര്‍ശിക്കുന്ന സിപിഎം നേതാക്കള്‍ ബിജെപിയുടെ ഭാഷ കടമെടുത്തിരിക്കുകയാണെന്നു നേതാക്കള്‍ ആരോപിച്ചു. ഭൂരിപക്ഷ ജനവിഭാഗത്തിനൊപ്പമെന്ന് ആവര്‍ത്തിക്കുന്ന സിപിഎം നേതൃത്വം ശബരിമലയുടെ കാര്യത്തില്‍ സ്വീകരിച്ചത് ഇരട്ടത്താപ്പെന്നാണ് യുഡിഎഫ് നിലപാട്.
ശബരിമല വിധി സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയതാണ് എന്നു പറഞ്ഞ ഉമ്മന്‍ ചാണ്ടി, ഭക്തരുടെ ആഗ്രഹം നടത്താനല്ല സര്‍ക്കാര്‍ ശ്രമിച്ചതെന്നും ആരോപിച്ചു. പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചിരുന്നെങ്കില്‍ സത്യവാങ്മൂലം പിന്‍വലിച്ചേനെ. വേഷം മാറ്റി പൊലീസ് സുരക്ഷയില്‍ വനിതകളെ സന്നിധാനത്തെത്തിച്ച സര്‍ക്കാരാണ് അധികാരത്തില്‍ ഇരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫിന്റേത് ഈ നിലപാടല്ല.
സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങള്‍ക്കൊപ്പം ശബരിമലയും ന്യൂനപക്ഷങ്ങള്‍ക്കെതിരായ സിപിഎം വിമര്‍ശനങ്ങളും ഉയര്‍ത്തി പ്രചാരണം കടുപ്പിക്കാനാണ് യുഡിഎഫ് ശ്രമം. പ്രതിപക്ഷ നേതാവിന്റെ യാത്ര തലസ്ഥാനത്തെത്തുമ്പോള്‍ ഇടത് ഭരണത്തിനും സമാപനമാകുമെന്ന നേതാക്കളുടെ വാക്കുകള്‍ ഈ വിഷയങ്ങളിലെ പ്രാധാന്യം കൂടി കണക്കിലെടുത്താണ്.

Related Articles

Back to top button