കൊച്ചി: പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് തൊഴില്‍സുരക്ഷ ഉറപ്പാക്കുന്ന കരട് ബില്ലുമായി യു.ഡി.എഫ്. കരാര്‍ ജീവനക്കാരെ വ്യാപകമായി സ്ഥിരപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു കരട് ബില്ലിന് രൂപംനല്‍കിയിരിക്കുന്നത്.
ശബരിമലയുടെ കാര്യത്തില്‍ പുതിയ നിയമനിര്‍മാണത്തിനായി കരട് ബില്‍ തയ്യാറാക്കിയ മാതൃകയിലാണ് പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ തൊഴില്‍സംരക്ഷണം ഉറപ്പുവരുത്തുന്ന നിയമത്തിന്റെ കരടും തയ്യാറാക്കിയിരിക്കുന്നത്. ‘കേരള പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ തൊഴില്‍ അവകാശ സംരക്ഷണ നിയമം 2021’ എന്ന പേരിലാണ് കരട് ബില്‍ തയ്യാറാക്കിയിരിക്കുന്നത്.
മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് അസഫ് അലിയാണ് ഇതു തയ്യാറാക്കിയത്. ആറുമാസം കൂടുമ്പോള്‍ വകുപ്പ് മേധവികള്‍ പി.എസ്.സി.ക്ക് ഉണ്ടാകാനിടയുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കരട് ബില്ലില്‍ പറയുന്നു. ജനുവരി ഏഴിനും ജൂലായ് ഏഴിനുമാണ് എല്ലാ വര്‍ഷവും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ഒഴിവുകളുണ്ടാകാന്‍ സാധ്യതയില്ലെങ്കില്‍ അതും അറിയിക്കണം. പി.എസ്.സി.യെ അറിയിച്ച ഒഴിവുകള്‍ ജൂണിലും ഡിസംബറിലുമായി വകുപ്പ് മേധാവികളെയും അറിയിക്കണം. വകുപ്പ് മേധാവികള്‍ ഒഴിവുകള്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കണം.
റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികയില്‍ താത്കാലിക നിയമനം നടത്തരുത്. എന്നാല്‍, എംപ്ലോയ്മെന്റ് വഴിയുള്ള നിയമനത്തിനു തടസ്സമില്ലെന്നും നിയമത്തില്‍ പറയുന്നു. ഈ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ മൂന്നുമാസം മുതല്‍ രണ്ടുവര്‍ഷംവരെ തടവിനു ശിക്ഷിക്കാമെന്നും കരട് ബില്ലില്‍ പറയുന്നു.