ലിസ്ബണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം അങ്ങനെ ആറാം തവണയും മ്യൂണിക്കിലേക്ക്. ലിസ്ബണിലെ ഡാ ലുസ് സ്റ്റേഡിയത്തില്‍ പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഫ്രഞ്ച് ചാമ്പ്യന്മാരായ പാരീസ് സെയ്ന്റ് ഷാര്‍മാങ്ങിനെ (പി.എസ്.ജി) ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബുണ്ടസ് ലിഗ ജേതാക്കളായ ബയേണ്‍ മ്യൂണിക്ക് കിരീടം സ്വന്തമാക്കിയത്.
59ാം മിനിറ്റില്‍ കിങ്സ്ലി കോമാനാണ് ബയേണിന്റെ വിജയ ഗോള്‍ നേടിയത്. ജോഷ്വ കിമ്മിച്ചിന്റെ പാസില്‍ നിന്ന് ഹെഡറിലൂടെയായിരുന്നു കോമാന്റെ ഗോള്‍. പതിനൊന്നാം ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കുന്ന ബയേണ്‍ മ്യൂണിക്കിന്റെ ആറാം കിരീടമാണിത്. 2013ല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ ശേഷം തുടര്‍ച്ചയായ നാല് സെമി ഫൈനലുകളില്‍ തോറ്റുമടങ്ങേണ്ടി വന്നതിന്റെ ക്ഷീണം ബയേണ്‍ ഇത്തവണ തീര്‍ത്തു.
സെമി ഫൈനല്‍ കളിച്ച ടീമില്‍ നിന്ന് ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമും കളിക്കാനിറങ്ങിയത്. ബയേണ്‍ പെരിസിച്ചിന് പകരം കോമാനെ ആദ്യ ഇലവനില്‍ ഇറക്കിയപ്പോള്‍ പരിക്ക് കാരണം സെമിയില്‍ പുറത്തിരുന്ന ഗോള്‍കീപ്പര്‍ കെയ്ലര് നവാസ്, റിക്കോയ്ക്ക് പകരം കളത്തിലിറങ്ങി.
പതിവു പോലെ 4231 ശൈലിയില്‍ തന്നെയാണ് കോച്ച് ഹാന്‍സ് ഫ്ളിക്ക് ബയേണിനെ കളത്തിലിറക്കിയത്. പി.എസ്.ജി കോച്ച് തോമസ് ടുച്ചലാകട്ടെ 433 ശൈലിയിലും ടീമിനെ കളത്തിലിറക്കി.
ഗോള്‍ കീപ്പര്‍ മാനുവല്‍ നൂയറുടെ സേവുകള്‍ ആദ്യ പകുതിയില്‍ ബയേണിന്റെ രക്ഷയ്ക്കെത്തി. 19ാം മിനിറ്റിലും ആദ്യ പകുതിയുടെ അധിക സമയത്തും 71ാം മിനിറ്റിലും പി.എസ്.ജിയുടെ ഗോളെന്നുറച്ച ഷോട്ടുകളാണ് നൂയര്‍ രക്ഷപ്പെടുത്തിയത്.
മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പിഴവുകളാണ് പി.എസ്.ജിക്ക് തിരിച്ചടിയായത്. 26ാം മിനിറ്റില്‍ ലഭിചച്ച അവസരം ഡി മരിയ പുറത്തേക്കടിച്ചുകളയുകയും ചെയ്തു.
2019 ഡിസംബറിന് ശേഷം തോല്‍വി അറിയാതെ ഇതോടെ 29 മത്സരങ്ങളാണ് ബയേണ്‍ പൂര്‍ത്തിയാക്കിയത്. 98 ഗോളുകള്‍ അടിച്ചുകൂട്ടിയ ജര്‍മന്‍ ടീം വെറും 22 ഗോളുകള്‍ മാത്രമാണ് ഇക്കാലയളവില്‍ വഴങ്ങിയത്. ചാമ്പ്യന്‍സ് ലീഗിന്റെ ഈ സീസണില്‍ 11 കളിയില്‍ നിന്ന് 43 ഗോളാണ് ബയേണ്‍ അടിച്ചെടുത്തത്. ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ജര്‍മന്‍ ടീമിന്റെ കിരീടധാരണം.
ജയത്തോടെ ഇത്തവണ ബയേണ്‍ ട്രെബിള്‍ നേട്ടം സ്വന്തമാക്കി. 1987ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കളിക്കാരനായിരിക്കെ പോര്‍ട്ടോയോട് ഒന്നിനെതിരേ രണ്ടു ഗോളിന് തോറ്റ മത്സരത്തില്‍ ബയേണ്‍ താരമായിരുന്ന ഹാന്‍സ് ഫ്ളിക്കിന് ഇത്തവണ പരിശീലകനെന്ന നിലയില്‍ കിരീടം സ്വന്തമാക്കാനായി.
സമീപകാല ചരിത്രം പോലെ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കുന്ന പി.എസ്.ജിക്ക് കണ്ണീരുമായി മടങ്ങേണ്ടി വന്നു. അവസാനമായി ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കന്നിയങ്കത്തിനിറങ്ങിയ ആറു ടീമുകള്‍ക്കും തോല്‍വിയായിരുന്നു ഫലം. ടോട്ടന്‍ഹാം 2019ല്‍ ലിവര്‍പൂളിനോടും 2008ല്‍ ചെല്‍സി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോടും 2006ല്‍ ആഴ്സണല്‍ ബാഴ്സലോണയോടും മൊണാക്കോ 2004ല്‍ പോര്‍ട്ടോയോടും, ബയേര്‍ ലെവര്കൂസന് 2002ല്‍ റയല്‍ മാഡ്രിഡിനോടും തോറ്റു, വലന്‍സിയ 2000ല്‍ റയല്‍ മാഡ്രിഡിനോടും തോറ്റു.
2011ല്‍ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പ് ഏറ്റെടുത്തശേഷം കളിക്കാരെ നേടാന്‍ മാത്രം പതിനായിരം കോടിയോളം മുടക്കിയ ഫ്രഞ്ച് ടീമിന് ഇത്തവണയും യൂറോപ്പിന്റെ ചാമ്പ്യന്മാരാകാന് സാധിച്ചില്ല. ആഭ്യന്തര ഫുട്ബോളില്‍ നാലു കിരീടം നേടിയ ശേഷമാണ് ഫ്രഞ്ച് ക്ലബ്ബ് ചാമ്പ്യന്‍സ് ലീഗ് ഫൈനലിനെത്തിയത്.