ന്യൂഡല്‍ഹി: ദേശീയ പരീക്ഷ ഏജന്‍സി ( എന്‍.ടി.എ.) ജൂണ്‍ 18-ന് നടത്തിയ യു.ജി.സി. നെറ്റ് പരീക്ഷ (ജൂണ്‍ 2024) റദ്ദാക്കി. ഒ.എം.ആര്‍. പരീക്ഷയില്‍ സൈബര്‍ ക്രമക്കേടുകള്‍ നടന്നെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് റദ്ദാക്കല്‍. വിവാദത്തിലായ നീറ്റ് പരീക്ഷ നടത്തിയതും എന്‍.ടി.എ. തന്നെയാണ്. വിഷയത്തില്‍ സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചു.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് മറ്റൊരു ദേശീയ പരീക്ഷയും സംശയത്തിന്റെ നിഴലിലായത്. ഇത് ഉന്നത പരീക്ഷകളുടെ നടത്തിപ്പിലെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്.
ബുധനാഴ്ച ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ (നാഷണല്‍ സൈബര്‍ ക്രൈം ത്രെറ്റ് അനലിറ്റിക്‌സ് യൂണിറ്റാണ് ഇത് സംബന്ധിച്ച വിവരം യു.ജി.സി.ക്ക് നല്‍കിയത്. പ്രഥമദൃഷ്ട്യാ പരീക്ഷയുടെ സമഗ്രതയെ ബാധിച്ചെന്ന റിപ്പോര്‍ട്ടാണ് അനലിറ്റിക്‌സ് യൂണിറ്റ് നല്‍കിയത്. ഇതേത്തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചത്. ബുധനാഴ്ച രാത്രിയോടെയാണ് പരീക്ഷ റദ്ദാക്കിയ വിവരം സര്‍ക്കാര്‍ പുറത്തുവിട്ടത്. പുതിയ പരീക്ഷ പിന്നീട് നടത്തും. തീയതി പ്രഖ്യാപിച്ചിട്ടില്ല. വിശദവിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ 317 നഗരങ്ങളിലായി 11.21 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 81 ശതമാനവും പരീക്ഷ എഴുതിയതായി യു.ജി.സി. ചെയര്‍പേഴ്സണ്‍ എ. ജഗദേഷ് കുമാര്‍ പറഞ്ഞു. സര്‍വകലാശാലകളിലും കോളേജുകളിലും ‘അസിസ്റ്റന്റ് പ്രൊഫസര്‍’ തസ്തികയിലേക്കും ‘ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും പിഎച്ച്.ഡി. പ്രവേശനത്തിനും യോഗ്യത നിര്‍ണയിക്കുന്നതിനുള്ള പരീക്ഷയാണിത്. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായാണ് നടന്നിരുന്നത്. അടുത്തിടെയാണ് ഒ.എം.ആര്‍.എം. രീതിയിലേക്ക് മാറ്റിയത്.
1,101 1 minute read