AGRICULTUREBUSINESSBUSINESS NEWS

ഇന്ത്യന്‍ കൃഷി ,കാര്‍ഷികോല്‍പ്പന്ന സംസ്‌കരണ ഉപകരണങ്ങള്‍ക്ക് ഉഗാണ്ടില്‍ വന്‍ സാധ്യത

കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷികോപകരണങ്ങള്‍ക്കും കാര്‍ഷികോല്‍പ്പന്ന സംസ്‌കരണ ഉപകരണങ്ങള്‍ക്കും സംയുക്തസംരംഭങ്ങള്‍ക്കും യുഗാണ്ടയില്‍ വന്‍വളര്‍ച്ചാ സാധ്യതകളുണ്ടെന്ന് ഇന്ത്യയിലെ യുഗാണ്ട അംബാസഡര്‍ ഗ്രേസ് അക്കെല്ലോ പറഞ്ഞു.
നാലു ദിവസമായി ഓണ്‍ലൈനില്‍ നടന്നു വരുന്ന അഗ്രിബിസിനസ് എക്‌സ്‌പോ 2020യുടെ സമാപനച്ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യയ്ക്കു പുറമെ ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി കര്‍ഷകര്‍, ബിസിനസ്സുകാര്‍, കാര്‍ഷികോല്‍പ്പന്ന വിതരണക്കാര്‍, സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികള്‍, കാര്‍ഷിക സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍, കൃഷി ഓഫീസര്‍മാര്‍ എന്നിവരുള്‍പ്പെടെ 6000ത്തിലേറെ ബിസിനസ് സന്ദര്‍ശകര്‍ ംം.മഴൃശലഃുീ.രീല്‌ലിീേ.ശി എന്ന സൈറ്റില്‍ നടന്ന മേള സന്ദര്‍ശിച്ചതായി മേളയുടെ സംഘാടകരായ ക്രൂസ് എക്‌സ്‌പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു.
കോവിഡ് പ്രതിസന്ധിയിലും വളര്‍ച്ച കാണിക്കുന്ന അപൂര്‍വം മേഖലകളിലൊന്നാണ് കാര്‍ഷികമേഖല എന്നതു കണക്കിലെടുത്താണ് മേള സംഘടിപ്പിച്ചത്. കഴിഞ്ഞ പത്തു വര്‍ഷമായി കൊച്ചിയില്‍ ഫുഡ്‌ടെക്, ഹോട്ടല്‍ടെക്, ബോട്‌ഷോ തുടങ്ങിയ സംഘടിപ്പിച്ചു വരുന്ന ക്രൂസ് എക്‌സ്‌പോസ് ഇതാദ്യമായാണ് ഓണ്‍ലൈനില്‍ ഇത്തരമൊരു പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 6000ത്തിലേറെ ബിസിനസ് സന്ദര്‍ശകര്‍ ഓണ്‍ലൈന്‍ മേളയിലെത്തി.
സമാപനച്ചടങ്ങില്‍ ഐസിഎആര്‍സിഫ്റ്റ് ഡയറക്ടര്‍ ഡോ സി എന്‍ രവിശങ്കര്‍, ക്രൂസ് എക്‌സ്‌പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് എന്നിവരും പ്രസംഗിച്ചു. ടെക്‌നിക്കല്‍ സെഷനില്‍ മത്സ്യക്കൃഷി മേഖലയിലെ സാധ്യതകളെക്കുറിച് കുഫോസ് സ്ഥാപക വൈസ് ചാന്‍സലര്‍ പ്രോഫ. ഡോ. ബി. മധുസൂദനക്കുറുപ്പ് സംസാരിച്ചു.
കോവിഡ് ഭീഷണി നിലനില്‍ക്കെ ഓണ്‍ലൈനായാണ് മേള നടന്നതെങ്കിലും ലോഗിന്‍ ചെയ്യുന്ന സന്ദര്‍ശകന് സാധാരണ ഒരു പ്രദര്‍ശനം കാണുന്ന തരത്തില്‍ വിസ്മയകരമായ ദൃശ്യാനുഭവമാണ് മേള സമ്മാനിച്ചത്. കൃഷി, പക്ഷിമൃഗ പരിപാലനം, മത്സ്യക്കൃഷി, ക്ഷീരോല്‍പ്പാദനം, ഭക്ഷ്യോല്‍പ്പന്ന സംസ്‌കരണം എന്നിങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളില്‍ നിന്നുമുള്ള 50ലേറെ സ്ഥാപനങ്ങളും ബ്രാന്‍ഡുകളുമാണ് മേളയില്‍ അണിനിരന്നു.

Related Articles

Back to top button