NRIEUROPE

ഇന്ത്യ കൈമാറിയ ബലാത്സംഗം, കൊലപാതകക്കേസ് പ്രതിക്ക് യുകെയില്‍ ജീവപര്യന്തം

ലണ്ടന്‍: ബ്രിട്ടനില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊലപാതകവും ബലാത്സംഗവുമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ നടത്തിയ ഇന്ത്യന്‍ പൗരന്‍ അമന്‍ വ്യാസിന്(36)ന് ജീവപര്യന്തം ശിക്ഷ വിധിച്ചു. യു.കെയിലെ ക്രോയ്ഡണ്‍ ക്രൗണ്‍ കോടതിയുടേത് വിധി. 2009ല്‍ മിഷേല്‍ സമാരവീര എന്ന യുവതിയെ ബാലത്സംഗം ചെയ്ത് കൊന്ന കേസിലും ഒന്നിലധികം സ്ത്രീകളെ ബലാത്സംഗം ചെയ്തതിലും അമന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി മിനിമം 37 വര്‍ഷത്തെ തടവോടെയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് പുറമെ ഇയാള്‍ മൂന്നു സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കുകയും ഒരാള്‍ക്കെതിരെ ബലാത്സംഗ ശ്രമവും ശാരീരിക ആക്രമണം നടത്തുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. വടക്ക് കിഴക്കന്‍ ലണ്ടനിലെ വാള്‍ത്താംസ്റ്റോവില്‍ 2009 മാര്‍ച്ചിനും 2009 മെയ് മാസത്തിനും ഇടയില്‍ കുറ്റകൃത്യങ്ങള്‍ നടന്നത്.സ്ത്രീയെ ശാരീരികമായി ആക്രമിച്ചതിന് 14 വര്‍ഷം തടവും ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തതിന് 16 വര്‍ഷവും അഞ്ച് മാസവും തടവും രണ്ടാമത്തെ സ്ത്രീയെ ബലാത്സംഗം ചെയ്തതിനും പതിനെട്ടര വര്‍ഷം തടവുമാണ് അമാന്‍ വ്യാസിന് വിധിച്ചിരിക്കുന്നത്. മൂന്നാമത്തെ സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലും മിഷേല്‍ സമാരവീരയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലും പതിനെട്ടര വര്‍ഷം വീതം തടവുമാണ് വിധിച്ചിരിക്കുന്നത്. എല്ലാ ശിക്ഷകളും കൊലപാതകക്കുറ്റത്തിന് തുല്യമായതാണെന്ന് കോടതി അറിയിച്ചു.
2009ല്‍ യു.കെയിലെ വാല്‍ത്താംസ്റ്റോവില്‍ വെച്ച് മിഷേല്‍ സമാരവീര എന്ന 32 കാരിയ ബലാത്സംഗം ചെയ്തു കൊന്ന അമന്‍ കൃത്യത്തിനു ശേഷം ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. സ്റ്റുഡന്‍ വിസയില്‍ ലണ്ടനില്‍ താമസിക്കവെയാണ് ഇയാള്‍ കുറ്റകൃത്യങ്ങള്‍ നടത്തിയത്. ഇന്ത്യയിലേക്ക് മുങ്ങിയ അമന്‍ വ്യാസിനെ 2019 ഒക്‌ടോബര്‍ നാലിന് യു.കെയിലേക്ക് തന്നെ നാടുകടത്തുകയായിരുന്നു. കൊലപാതകം, ആക്രമണം, ബലാത്സംഗം, ലൈംഗിക ആക്രമണം,പൊതു സ്ഥലത്ത് മാരകായുധം കൈവശം വെക്കല്‍ എന്നീ കുറ്റങ്ങളാണ് അമന് മേല്‍ ചുമത്തിയിരുന്നത്.2009 മെയ് 30ന് രാവിലെ ഫ്‌ലാറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോയ സമാരവീരയുടെ മൃതദേഹം അതിരാവിലെ വാല്‍ത്താംസ്റ്റോവിലെ ക്യൂന്‍സ് റോഡിനടുത്തുള്ള ചെറിയ പാര്‍ക്കില്‍ കണ്ടെത്തുകയായിരുന്നു. ഇവരെ ബലാത്സംഗത്തിനിരയാക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് കണ്ടെത്തി.കൊലപാതകത്തിന് പിന്നാലെ ബ്രിട്ടനില്‍ നിന്നും മുങ്ങിയ വ്യാസിനെ ഒരു വര്‍ഷത്തോളം തിരിച്ചറിയാനായിരുന്നില്ല. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍ എംപ്ലോയറാണ് പ്രതി അമന്‍ വ്യാസ് എന്ന ഇന്ത്യന്‍ പൗരനാണെന്ന് തിരിച്ചറിഞ്ഞത്.ന്യൂസലാന്‍ഡിലേക്കും പിന്നീട് സിങ്കപ്പൂരിലേക്കും കടന്ന അമനെതിരെ ഇന്റര്‍നാഷണല്‍ അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു. 2011 ജൂലൈയില്‍ ഡല്‍ഹി വിമാനത്താവളത്തില്‍വെച്ച് ഇയാളെ അറസ്റ്റു ചെയ്തതായി ഇന്ത്യ അറിയിച്ചിരുന്നു. തുടര്‍ന്ന് അമന്‍ ജാമ്യത്തില്‍ പുറത്തിറങ്ങുകയും ചെയ്തു. എന്നാല്‍ പിന്നീട് അമനെ കൈമാറാന്‍ യു.കെ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സമ്മര്‍ദ്ദം ചെലുത്തുകയും 2019 ഇയാളെ നാടുകടത്തുകയുമായിരുന്നു.

Related Articles

Back to top button