EUROPEWORLD

യുകെ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ഡെബെന്‍ഹാം അടച്ചുപൂട്ടുന്നു; പണി പോകുന്നവരില്‍ ഇന്ത്യക്കാരും

ലണ്ടന്‍: കോവിഡുമൂലമുള്ള ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ യുകെയിലെ പ്രമുഖ ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്റ്റോറായ ഡെബെന്‍ഹാം സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ബ്രാഞ്ചുകളുടെ അടച്ചുപൂട്ടലുകള്‍ പ്രഖ്യാപിച്ചിരുന്നു. സ്ഥാപനം ലിക്വിഡേഷനിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ രാജ്യമൊട്ടാകെയുള്ള ഡെബെന്‍ഹാം സ്റ്റോറുകളില്‍ ജോലിചെയ്യുന്ന 14,000 ത്തോളം വരുന്ന സ്റ്റാഫുകള്‍ കനത്ത ആശങ്കയിലുമാണ്. ഏതുസമയത്താണ് പിരിച്ചുവിടല്‍ നോട്ടീസുകള്‍ എത്തുകയെന്ന് പറയാന്‍ പറ്റാത്ത അവസ്ഥയിലാണ് അവരെല്ലാവരും.
ഹില്‍ക്കൊ കാപിറ്റലിനെയാണ് കമ്പനിയെ രക്ഷിക്കാനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായി ഡെബെന്‍ഹാം അഡ്മിനിസ്‌ട്രേറ്റര്‍മാരായി നിയമിച്ചിട്ടുള്ളത്. ചൊവ്വാഴ്ച നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായി 2500 സ്റ്റാഫുകളെ പിരിച്ചുവിടുമെന്ന് ഡെബെന്‍ഹാം പ്രഖ്യാപിച്ചിരുന്നു. ഡെബെന്‍ഹാം സ്റ്റോറുകളില്‍ ജോലിചെയ്യുന്നവരില്‍ ആയിരക്കണക്കിനു ഇന്ത്യക്കാരുമുണ്ട്. യുകെ സാമ്പത്തികരംഗം അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയേയും തൊഴില്‍ നഷ്ടത്തേയും നേരിടുകയുമാണ്. ദിവസങ്ങള്‍ക്കുമുമ്പ് 102 പൈലറ്റുമാരെ പിരിച്ചുവിടുമെന്ന് ജെറ്റ് എയര്‍വേയ്‌സ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഈയാഴ്ചയിലെ ആകെ തൊഴില്‍ നഷ്ടപ്പെടല്‍ 4300 പേരിലേക്കുമായി ഉയര്‍ന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴില്‍ നഷ്ടമാണ് ജൂണ്‍ മുതലുള്ള മൂന്നുമാസത്തിനിടയില്‍ യുകെ സാമ്പത്തികരംഗത്തുണ്ടായത്.

Related Articles

Back to top button