ലണ്ടന്‍: ലോക്ക്ഡൗണ്‍ അടുത്തഘട്ടത്തിനൊരുങ്ങുകയാണ് യുകെ. ഡിസംബര്‍ രണ്ട് മുതല്‍ രാജ്യത്ത് കൂടുതല്‍ ഇളവുകളോട് കൂടിയ നിയന്ത്രണങ്ങള്‍ നടപ്പാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാലും ‘സെക്സ് വിലക്ക്’ പഴയത് പോലെ തന്നെ തുടരുമെന്നാണ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അറിയിച്ചിരിക്കുന്നത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ മൂന്ന് മേഖലകളായി തിരിച്ചിരുന്നു. രണ്ടും മൂന്നും മേഖലകളില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് സെക്സ് വിലക്ക് പഴയത് പോലെ തന്നെ തുടരുമെന്ന് അറിയിച്ചിരിക്കുന്നത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഒരുമിച്ചല്ലാത്ത പങ്കാളികള്‍ തമ്മിലുള്ള സെക്സിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാകുമ്പോഴും ഈ വിലക്കിന് മാറ്റമില്ലെന്നാണ് ആരോഗ്യസെക്രട്ടറി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ പഴയ നിബന്ധനകള്‍ തന്നെ തുടരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി അടുത്ത ബന്ധമുള്ള ആളുകള്‍ ആയാല്‍ പോലും സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന പരിധിക്ക് പുറത്തു നിന്നൊരാള്‍ക്ക് നിങ്ങളുടെ വീട്ടിലെത്താനോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് മറ്റൊരാളുടെ വീട്ടിലേക്ക് പോകാനോ അവിടെ താമസിക്കാനോ അനുവാദമില്ല.. സ്വന്തം വീട്ടിലാണെങ്കില്‍ പോലും പുറത്ത് നിന്നെത്തിയ ഒരാളുമായി ശാരീരിക ബന്ധം പുലര്‍ത്തുന്നത് ലോക്ക്ഡൗണ്‍ മാനദണ്ഡപ്രകാരം നിയമവിരുദ്ധമാക്കിയിരുന്നു. ഈ നിയന്ത്രണങ്ങള്‍ ഇനിയും തുടരുമെന്നാണ് ആരോഗ്യ സെക്രട്ടറി അറിയിച്ചിരിക്കുന്നത്.
പുതിയ നിര്‍ദേശം സംബന്ധിച്ച് നിരവധി സംശയങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ‘അനുവദനീയമായത്’ എന്തൊക്കെയാണെന്നറിയാന്‍ സര്‍ക്കാര്‍ വെബ്സൈറ്റ് സന്ദര്‍ശിക്കാനാണ് ആരോഗ്യസെക്രട്ടറി അറിയിച്ചത്. വിശദമായ വിവരങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദീര്‍ഘകാല ബന്ധത്തിലിരുന്നവര്ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് നിയന്ത്രണങ്ങള്‍ എന്ന് മനസിലാകുന്നുണ്ട് അവര്‍ക്കായി പ്രത്യേക വ്യവസ്ഥകളുണ്ട്. എന്നാലും പൊതു നിര്‍ദേശങ്ങള്‍ എല്ലാവരും പാലിച്ചേ മതിയാകു എന്നും ഹാന്‍കോക്ക് വ്യക്തമാക്കി.