BREAKING NEWSNATIONAL

ഡല്‍ഹി കലാപ കേസ്: ഉമര്‍ ഖാലിദിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി : ഡല്‍ഹി കലാപ കേസില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി ആയിരുന്ന ഉമര്‍ ഖാലിദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപിച്ച് യുഎപിഎ ചുമത്തിയാണ് ഡല്‍ഹി പൊലീസ് ഖാലിദിനെ അറസ്റ്റ് ചെയ്‌ത്തെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഖാലിദിനെ ശനിയാഴ്ച ഡല്‍ഹി പൊലീസ് വിളിച്ചുവരുത്തിയിരുന്നു. ശേഷം ലോധി കോളനിയിലെ സ്‌പെഷ്യല്‍ സെല്‍ ഓഫീസില്‍ ഞായറാഴ്ച എത്താന്‍ നിര്‍ദ്ദേശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അന്വേഷണ സംഘത്തിന് മുന്നിലെത്തിയ ഉമര്‍ ഖാലിദിനെ രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഖാലിദിനെതിരെ ഉടന്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുമെന്നും ഇന്ന് ഡല്‍ഹി കോടതിയില്‍ ഹാജരാക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹി കലാപകേസിലെ അനുബന്ധ കുറ്റപത്രത്തില്‍ സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയടക്കം ഒന്‍പത് പ്രമുഖരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു.
ജനുവരി 15 ന് സീലംപൂരിലെ പ്രതിഷേധ സ്ഥലത്ത് എത്തിയ സീതാറാം യെച്ചൂരി, യോഗേന്ദ്രയാദവ്, ഉമര്‍ഖാലിദ് എന്നിവര്‍ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചെന്ന് പ്രതികളുടെ മൊഴിയെ ഉദ്ധരിച്ച് കുറ്റപത്രത്തില്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹി കലാപ ചര്‍ച്ച വീണ്ടും സജീവമായി. പിന്നാലെയാണ് ഉമര്‍ ഖാലിദിനെ പൊലീസ് വിളിച്ച് വരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

Related Articles

Back to top button