ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഹത്‌റാസില്‍ മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 130 പേര്‍ മരിച്ച സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍. സംഭവം റിട്ട. ജഡ്ജി അന്വേഷിക്കും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെയിരിക്കാന്‍ പുതിയ ചട്ടങ്ങള്‍ കൊണ്ടുവരുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. അതേസമയം, ദുരന്തത്തിന് പിന്നാലെ പരിപാടിയുടെ മുഖ്യ സംഘാടകനായ ഭോലെ ബാബ ഒളിവില്‍ പോയെന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.
അതേസമയം, ഹത്രാസില്‍ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ഉയരുകയാണ്. 130 പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 116 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടന്ന പരിപാടിയില്‍ അനുവദിച്ചതിലും അധികം പേര്‍ പങ്കെടുത്തെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഹാത്രസിലെ സിക്കന്ദര്‍ റൗവിലെ പാടത്താണ് പരിപാടി നടന്നത്. താത്കാലിക പന്തല്‍ കെട്ടിയാണ് ഭോലെ ബാബ എന്ന് വിളിക്കുന്ന സകര്‍ വിശ്വഹരിയുടെ നേതൃത്വത്തില്‍ ഇവിടെ പ്രാര്‍ത്ഥന പരിപാടി നടന്നത്. അപകടം നടന്ന സ്ഥലത്ത് ആളുകളുടെ ചെരുപ്പുകള്‍, ബാഗുകള്‍ അടക്കം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുകയാണ്. സ്ത്രീകളും കുട്ടികളുമാണ് അപകടത്തില്‍ മരിച്ചവരില്‍ ഏറെയും. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പരിക്കേറ്റവര്‍ ആറിലധികം ആശുപത്രികളില്‍ ചികിത്സയിലാണ്. പരിപാടിക്ക് ജില്ലാ ഭരണകൂടം അനുമതി നല്‍കിയതായി വ്യക്തമായി.
96 1 minute read