BUSINESSBANKING

യുപിഐ ഇടപാടുകള്‍ സൗജന്യമായി നടത്താം; സ്വകാര്യ ബാങ്കുകള്‍ ഇനി നിരക്ക് ഈടാക്കില്ല

മുംബൈ: യുപിഐ അടിസ്ഥാനമാക്കിയുള്ള ഇടപാടുകള്‍ക്ക് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കിയിരുന്ന നിരക്കുകള്‍ സ്വകാര്യ ബാങ്കുകള്‍ ഒഴിവാക്കി. 2020 ജനുവരി ഒന്നിനോ അതിനുശേഷമോ ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയ ചാര്‍ജുകള്‍ റീഫണ്ട് ചെയ്യാന്‍ രാജ്യത്തെ ബാങ്കുകള്‍ക്ക് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് യുപിഐ ഇടപാടുകള്‍ക്ക് നിരക്കുകള്‍ ഈടാക്കുന്നത് ഒഴിവാക്കാന്‍ സ്വകാര്യ ബാങ്കുകള്‍ തീരുമാനിച്ചത്.
യുപിഐ ഇടപാടുകള്‍ക്ക് നിരക്കുകള്‍ ഈടാക്കുന്നത് നിയമലഘനമാണ്. ഫീസ് ഈടാക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുമെന്ന് ബാങ്കുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുപിഐ ഇടപാടുകള്‍ക്ക് നിരക്ക് ചുമത്തുന്നത് പിഎസ്എസ് (പേയ്‌മെന്റ്, സെറ്റില്‍മെന്റ് സംവിധാനങ്ങള്‍), ഐടി ആക്റ്റ് എന്നിവ പ്രകാരം ലംഘനമാണെന്നും സിബിഡിടി വ്യക്തമാക്കിയിരുന്നു. റുപേ കാര്‍ഡ്, ക്യുആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള യുപിഐ ഇടപാടുകള്‍, ഭീം യുപിഐ ക്യുആര്‍ എന്നീ ഇലക്ട്രോണിക് പേയ്‌മെന്റുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് നിരക്ക് ഈടാക്കരുതെന്നും സിബിഡിടി ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു.
ചില സ്വകാര്യ ബാങ്കുകള്‍ പ്രതിമാസം 20 ഇടപാടുകള്‍ക്കപ്പുറത്ത് യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകള്‍ക്ക് 2.55 രൂപ ഈടാക്കാന്‍ തുടങ്ങിയതിന് ശേഷമാണ് സിബിഡിടിയുടെ ഈ നീക്കം. മെയ് മൂന്ന് മുതല്‍ ഐസിഐസിഐ, എച്ച്ഡിഎഫ്‌സി ബാങ്കുകള്‍ ചാര്‍ജ് ഈടാക്കാന്‍ തുടങ്ങിയിരുന്നു. ആക്‌സിസ് ബാങ്ക് ജൂണ്‍ ഒന്നിനും കൊട്ടക് മഹീന്ദ്ര ബാങ്ക് ഏപ്രില്‍ ഒന്നിനുമാണ് യുപിഐ ഇടപാടുകള്‍ക്ക് നിര്കകുകള്‍ ഈടാക്കി തുടങ്ങിയത്. എസ്ബിഐ ഉള്‍പ്പെടെയുള്ള പൊതുമേഖലാ ബാങ്കുകള്‍ യുപിഐ ഇടപാടുകള്‍ക്ക് ഇതുവരെ യാതൊരു ചാര്‍ജും ഈടാക്കിയിട്ടില്ല.

Tags

Related Articles

Back to top button
Close