BREAKING NEWSWORLD

കാപ്പിറ്റോള്‍ ആക്രമണം വൈകാരിക പ്രകടനമല്ല, ആസൂത്രിത കലാപമെന്നു സൂചന

വാഷിങ്ടന്‍: തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അനുയായികള്‍ യുഎസ് പാര്‍ലമെന്റായ കാപ്പിറ്റോള്‍ മന്ദിരത്തില്‍ നടത്തിയ അക്രമ പരമ്പര ആസൂത്രിതമാണെന്ന സംശയം ബലപ്പെടുന്നു. കാപ്പിറ്റോളില്‍ ആളുകള്‍ ഇരച്ചുകയറുന്നതിന്റെയും വൈസ്പ്രസിഡന്റിന്റെയും സഭാ സ്പീക്കറുടെയും ഉള്‍പ്പെടെ ഓഫിസുകളില്‍ അതിക്രമം കാട്ടുന്നതിന്റെയും ദൃശ്യങ്ങളില്‍നിന്ന്, അത് വെറുമൊരു ആള്‍ക്കൂട്ട ആക്രമണമോ വൈകാരിക പ്രകടനമോ അല്ലെന്നു വ്യക്തമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
‘കാപ്പിറ്റോള്‍ മന്ദിരത്തിന്റെ ഇടനാഴികളിലൂടെ പതാകകളും മറ്റുമായി ഒട്ടേറെ പ്രതിഷേധക്കാര്‍ യാതൊരു തടസ്സവുമില്ലാതെ നടക്കുന്നുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് ചേംബറില്‍ സഭാംഗങ്ങളുടെ തൊട്ടടുത്തു വരെ പ്രതിഷേധക്കാരെത്തി. അവര്‍ക്കു കൃത്യമായ പദ്ധതികള്‍ ഉണ്ടായിരുന്നു. എവിടേക്കാണ് പോകേണ്ടതെന്നും എന്താണ് ചെയ്യേണ്ടതെന്നും വ്യക്തമായിരുന്നു. ജനക്കൂട്ടത്തിന്റെ വൈകാരിക പ്രതികരണമല്ല, കലാപത്തിനു കോപ്പുകൂട്ടുന്ന അക്രമികളെയാണ് അന്ന് അവിടെ കണ്ടത്. കാപ്പിറ്റോള്‍ മന്ദിരത്തിനുള്ളില്‍നിന്ന് അക്രമകാരികള്‍ക്കു വ്യക്തമായ നിര്‍ദേശവും സഹയായവും ലഭിച്ചിരിക്കാം. അല്ലെങ്കില്‍ ഒരിക്കലും സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് സഭാംഗങ്ങളുടെ തൊട്ടടുത്തു വരെ എത്താന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല’.– ഡമോക്രാറ്റിക് അംഗം ജയിംസ് ക്ലേബേണ്‍ പറയുന്നു.
പിങ്ക് നിറത്തിലുള്ള തൊപ്പി ധരിച്ച സ്ത്രീ മെഗാഫോണിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും ജനക്കൂട്ടത്തെ വകഞ്ഞുമാറ്റി ഒരു പറ്റം ആളുകള്‍ സ്പീക്കറുടെ ചേംബറിനെ ലക്ഷ്യമാക്കി നീങ്ങുന്നതും വിഡിയോയില്‍ ദൃശ്യമാണെന്നു രാജ്യാന്തര മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
പാര്‍ലമെന്റില്‍ അതിക്രമം കാട്ടിയ ട്രംപ് അനുകൂലികള്‍ക്കൊപ്പം ഗൂഢാലോചന സിദ്ധാന്തക്കാരായ ക്യുഅനോന്‍, പ്രൗഡ് ബോയ്‌സ് അംഗങ്ങളും ഇടംപിടിച്ചത് വ്യക്തമായ പദ്ധതിയോടെയാണെന്നാണ് നിഗമനം. കറുത്തവര്‍ഗക്കാരെ ആക്രമിക്കാറുള്ള യുഎസിലെ ഈ രണ്ടു തീവ്രവംശീയവാദി സംഘടനകളെയും അപലപിക്കാന്‍ ട്രംപ് തയാറായിരുന്നില്ല. ‘ക്യൂ അനോന്‍ ഷമാന്‍’എന്നറിയപ്പെടുന്ന തീവ്രവംശീയവാദി നേതാവ് ജെയ്ക് ഏഞ്ചലിയാണ് ഇക്കൂട്ടത്തിലെ പ്രമുഖന്‍. കാളക്കൊമ്പുകളുള്ള കിരീടവും ദേശീയ പതാക കെട്ടിയ കുന്തവുമായി സെനറ്റ് ചേംബറിനു മുന്നില്‍ പൊലീസിനെ വെല്ലുവിളിക്കുന്ന ജെയ്ക്കിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ജനപ്രതിനിധി സഭാ സ്പീക്കറും മുതിര്‍ന്ന ഡെമോക്രാറ്റ് നേതാവുമായ നാന്‍സി പെലോസിയുടെ (80) ഓഫിസിലേക്കു കടന്നു കയറിയ റിച്ചാര്‍ഡ് ബിഗോ ബാര്‍നറ്റ് എന്നയാളും ഈ സംഘത്തിലുള്ളതാണ്. ഇയാള്‍ പെലോസിയുടെ മേശമേല്‍ കാല്‍വച്ചിരിക്കുന്ന ചിത്രവും വ്യാപകമായി പ്രചരിച്ചിരുന്നു. പെലോസിയുടെ ഓഫിസിലെ വലിയ കണ്ണാടിയും ഇയാള്‍ തകര്‍ത്തു. പേരെഴുതിയ ഫലകം ഇളക്കിമാറ്റി. നാന്‍സി പെലോസിയുടെ പ്രസംഗപീഠം കയ്യിലെടുത്തു ഫോട്ടോയെടുത്ത ഫ്‌ലോറിഡ സ്വദേശി ആഡം ക്രിസ്റ്റ്യന്‍ ജോണ്‍സന്‍ (36) എന്നയാളും പൊലീസിന്റെ പിടിയിലായിരുന്നു.
പ്രതിഷേധക്കാരില്‍ പലരും ആയുധധാരികളായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ വേണ്ടിയായിരുന്നു ഇതെന്നാണ് കരുതുന്നത്. കാപ്പിറ്റോള്‍ മന്ദിരത്തിനകത്തും പുറത്തുമുള്ളവരുമായി കൃത്യമായ ആശയവിനിമയം നടക്കുന്നുണ്ടായിരുന്നുവെന്നു പ്രോസിക്യൂട്ടര്‍ മൈക്കിള്‍ ഷെര്‍വിന്‍ പറയുന്നു. സംഭവത്തിനു പിന്നില്‍ വ്യക്തമായ ആസൂത്രണവും ആശയവിനിമയവും ഉണ്ടായിരുന്നുവെന്നു സ്പീക്കര്‍ നാന്‍സി പെലോസിയും ആരോപിച്ചു.
ഇരച്ചെത്തിയ പ്രതിഷേധ സംഘം സുരക്ഷാ ഉദ്യോഗസ്ഥരുമായി കയ്യാങ്കളിയില്‍ ഏര്‍പ്പെട്ടതോടെയാണു കലാപത്തിന്റെ തുടക്കം. പിന്നീട് ബാരിക്കേഡുകള്‍ മറികടന്ന് ഇവര്‍ മുന്നോട്ടു കുതിച്ചു. ജനല്‍ച്ചില്ലുകള്‍ തകര്‍ത്ത് കെട്ടിടത്തിലേക്കു കയറി. പ്രതിഷേധക്കാരിലൊരാള്‍ പൊലീസിന്റെ റയട്ട് ഷീല്‍ഡ് ഉപയോഗിച്ചാണ് ജനല്‍ച്ചില്ലുകള്‍ തകര്‍ത്തത്. ഇതുവഴിയാണ് പ്രതിഷേധക്കാരിലേറെയും കാപ്പിറ്റോള്‍ മന്ദിരത്തിലേക്കു കടന്നത്. പുറത്ത് സംഘര്‍ഷം നിയന്ത്രണാതീതമായതോടെ സെനറ്റും സഭയും നിര്‍ത്തിവച്ച് കോണ്‍ഗ്രസ് അംഗങ്ങളെ ഓഫിസുകളിലേക്കും സുരക്ഷാ മുറികളിലേക്കും അടിയന്തരമായി മാറ്റി. പൊലീസ് ഉദ്യോഗസ്ഥരില്‍നിന്നു കലാപകാരികള്‍ക്കു സഹായം ലഭിച്ചുവെന്നുതന്നെയാണ് പല നിരീക്ഷകരും അഭിപ്രായപ്പെടുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker