BREAKING NEWSLATESTWORLD

റഷ്യയുമായി കരാറിലേര്‍പ്പെട്ടാല്‍ ഇന്ത്യയ്ക്ക് എതിരെ ഉപരോധത്തിന് സാധ്യത: യുഎസ്

ന്യൂഡല്‍ഹി: റഷ്യയില്‍നിന്ന് എസ്–400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങാനുള്ള ഇന്ത്യയുടെ നീക്കത്തെ എതിര്‍ത്ത് യുഎസ്. ജോ ബൈഡന്‍ ഭരണകൂടത്തിന് ഇക്കാര്യത്തിലുള്ള എതിര്‍പ്പ് ഇന്ത്യയെ അറിയിക്കാന്‍ യുഎസ് സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റ് ചെയര്‍മാന്‍ ബോബ് മെനന്‍ഡസ്, യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന് നിര്‍ദേശം നല്‍കി. മൂന്നു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി ലോയിഡ് ഓസ്റ്റിന്‍ വെള്ളിയാഴ്ച ന്യൂഡല്‍ഹിയിലെത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി ഓസ്റ്റിന്‍ വെള്ളിയാഴ്ച രാത്രി കൂടിക്കാഴ്ച നടത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡനെ തന്റെ ആശംസകള്‍ അറിയിക്കാന്‍ മോദി ഓസ്റ്റിനോട് പറഞ്ഞു. ആഗോളതലത്തിലെ നന്മയ്ക്കായി നയതന്ത്ര ബന്ധം തുടരുന്നതിന് ഇന്ത്യയും യുഎസും പ്രതിജ്ഞാബന്ധമാണെന്നും മോദി പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍ എന്നിവരുമായും ഓസ്റ്റിന്‍ കൂടിക്കാഴ്ച നടത്തും.
ജോ ബൈഡന്‍ അധികാരമേറ്റെടുത്തതിനുശേഷം യുഎസില്‍നിന്ന് ഇന്ത്യയിലെത്തുന്ന ആദ്യ ഉന്നത ഉദ്യോഗസ്ഥനാണ് ഓസ്റ്റിന്‍. വ്യോമ, നാവിക സേനകള്‍ക്കായി യുഎസില്‍നിന്ന് ഇന്ത്യ വാങ്ങാനുദ്ദേശിക്കുന്ന സന്നദ്ധഡ്രോണുകള്‍, 150ലധികം കോംബാറ്റ് ജെറ്റുകള്‍ എന്നിവയെക്കുറിച്ചു ഓസ്റ്റിനുമായി ചര്‍ച്ചയുണ്ടാകുമെന്നാണ് കരുതുന്നത്. ചൈനയുമായുള്ള സംഘര്‍ഷം മൂര്‍ധന്യാവസ്ഥായിലായിരുന്നപ്പോഴാണ് യുഎസില്‍നിന്ന് പ്രതിരോധ സാമഗ്രികള്‍ വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചത്.
എന്നാല്‍ റഷ്യയുമായുള്ള കരാറു നീക്കത്തെ യുഎസ് എതിര്‍ക്കും. സമാന പ്രതിരോധ സാമഗ്രികള്‍ വാങ്ങിയതിന് തുര്‍ക്കിക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ‘എസ്– 400 വാങ്ങാനുള്ള തീരുമാനവുമായി മുന്നോട്ട് പോകാന്‍ ഇന്ത്യ തീരുമാനിക്കുകയാണെങ്കില്‍, കാറ്റ്‌സ (കൗണ്ടറിങ് അമേരിക്കാസ് അഡ്വേഴ്‌സറീസ് ത്രൂ സാങ്ഷന്‍സ് ആക്ട്) നിയമത്തിന്റെ 231 വകുപ്പുപ്രകാരം ഉപരോധം ഏര്‍പ്പെടുത്തേണ്ട നീക്കമാകും അത്.’– ബോബ് മെനന്‍ഡെസ് ലോയിഡ് ഓസ്റ്റിനു നല്‍കിയ കത്തില്‍ പറയുന്നു.
തന്ത്രപ്രധാനമായ സൈനിക സാങ്കേതികവിദ്യയുടെ വികസനത്തിനും സംഭരണത്തിനുമായി യുഎസുമായി ചേര്‍ന്നുപ്രവര്‍ത്തിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന് ഇതിന് തടസമാകുമെന്നും ഇന്ത്യയിലെ പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഓസ്റ്റിനുള്ള കത്തില്‍ പറയുന്നു.
ലോയിഡ് സന്ദര്‍ശനവേളയില്‍ ഒരുതരത്തിലുള്ള ഇടപാടുകളും സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകില്ലെന്നും പ്രാദേശിക, രാജ്യാന്തര സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ചായിരിക്കും ചര്‍ച്ചയെന്നും ഇന്ത്യയിലെ പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു. യുഎസ്, ഇന്ത്യ, ഓസ്‌ട്രേലിയന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മായ ‘ക്വാഡ്’ കഴിഞ്ഞ ആഴ്ച ആദ്യ ഉച്ചകോടി ചേര്‍ന്നിരുന്നു. ഇന്തോ– പസിഫിക് മേഖലയില്‍ ചൈനയ്‌ക്കെ!തിരെ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഉച്ചകോടിയില്‍ തീരുമാനമായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker