വാഷിങ്ടണ്‍: 8300 കോടി രൂപയുടെ കോര്‍പ്പറേറ്റ് തട്ടിപ്പ് കേസില്‍ ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ വ്യവസായിക്ക് ഏഴര വര്‍ഷം തടവ്. ഹെല്‍ത്ത് കെയര്‍ ടെക്നോളജി കമ്പനിയായ ‘ഔട്ട്കം ഹെല്‍ത്തി’ ന്റെ സഹസ്ഥാപകനും സി.ഇ.ഒ.യുമായ ഋഷി ഷാ(38)യെയാണ് യു.എസിലെ കോടതി ശിക്ഷിച്ചത്. കമ്പനി സഹസ്ഥാപകയും പ്രസിഡന്റുമായിരുന്ന ഇന്ത്യന്‍ വംശജ ശ്രദ്ധ അഗര്‍വാളി(38)നെയും കമ്പനി സി.ഒ.ഒ. ബ്രാഡ് പര്‍ഡി(35)യെയും കേസില്‍ കോടതി ശിക്ഷിച്ചിട്ടുണ്ട്. ശ്രദ്ധ അഗര്‍വാളിന് മൂന്നു വര്‍ഷം തടവും ബ്രാഡിന് രണ്ടുവര്‍ഷവും മൂന്നുമാസവുമാണ് തടവുശിക്ഷ.
അടുത്തിടെ അമേരിക്കയില്‍ നടന്ന ഏറ്റവും വലിയ കോര്‍പ്പറേറ്റ് തട്ടിപ്പാണെന്നാണ് ഔട്ട്കം ഹെല്‍ത്ത് തട്ടിപ്പിനെ വിശേഷിപ്പിക്കുന്നത്. ഊതിപ്പെരുപ്പിച്ച കണക്കുകളിലൂടെയും മറ്റും കമ്പനി ഇടപാടുകാരെയും നിക്ഷേപകരെയും കബളിപ്പിച്ചെന്നാണ് കേസ്. ഗോള്‍ഡ്മാന്‍ സാക്സ്, ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് തുടങ്ങിയ വന്‍കിടകമ്പനികളാണ് ഔട്ട്കം ഹെല്‍ത്തില്‍ നിക്ഷേപം നടത്തിയിരുന്നത്.
അമേരിക്കയിലെ സര്‍വകലാശാലയില്‍ പഠിക്കുന്ന കാലത്താണ് ഋഷി ഷാ ‘കോണ്‍ടെക്സ്റ്റ് മീഡിയ ഹെല്‍ത്ത്’എന്ന പേരില്‍ കമ്പനി ആരംഭിക്കുന്നത്. ആരോഗ്യരംഗത്തെ പരസ്യമേഖലയില്‍ വന്‍ മാറ്റങ്ങളുമായിട്ടായിരുന്നു ഋഷി ഷായുടെ കടന്നുവരവ്. ആശുപത്രികളിലും ക്ലിനിക്കുകളിലും ഡോക്ടര്‍മാരുടെ പരിശോധന മുറിയിലും ടെലിവിഷന്‍ സ്‌ക്രീനുകളിലൂടെയും ടാബ്ലെറ്റുകളിലൂടെയും ആരോഗ്യമേഖലുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ചെയ്യുന്നതായിരുന്നു ഇദ്ദേഹത്തിന്റെ കമ്പനിയുടെ ബിസിനസ്. പ്രമുഖ മരുന്ന് നിര്‍മാണ കമ്പനികളായിരുന്നു ഇത്തരത്തില്‍ ഷായുടെ കമ്പനി മുഖേന പരസ്യംചെയ്തിരുന്നത്. 2010-ഓടെ ഹെല്‍ത്ത് കെയര്‍ ടെക് മേഖലയില്‍ ഋഷി ഷായുടെ കമ്പനി കരുത്തുറ്റ സാന്നിധ്യമായി മാറി. 2017-ല്‍ ‘കോണ്‍ടെക്സ്റ്റ് മീഡിയ ഹെല്‍ത്ത്’ കമ്പനി ‘ഔട്ട്കം ഹെല്‍ത്ത്’ എന്ന പേര് സ്വീകരിച്ചു. ഗോള്‍ഡ്മാന്‍ സാക്സ്, ആല്‍ഫബെറ്റ് തുടങ്ങിയ വന്‍കിട കമ്പനികളുടെ നിക്ഷേപം ഒഴുകിയെത്തി. ഇതിനൊപ്പം ഋഷി ഷായുടെ ആസ്തിയും വര്‍ധിച്ചു.
2016-ല്‍ നാല് ബില്ല്യണ്‍ ഡോളര്‍(ഏകദേശം 33000 കോടി രൂപ) ആയിരുന്നു ഋഷി ഷായുടെ ആസ്തി. 10 മില്ല്യണ്‍ ഡോളര്‍(ഏകദേശം 83 കോടിയോളം രൂപ) വിലവരുന്ന ആഡംബര വസതിയും പ്രൈവറ്റ് ജെറ്റും ആഡംബര നൗകകളും ഇയാള്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍, 2017-ല്‍ ഔട്ട്കം ഹെല്‍ത്തിന്റെ തട്ടിപ്പ് സംബന്ധിച്ച് ‘വാള്‍സ്ട്രീറ്റ് ജേണല്‍’ റിപ്പോര്‍ട്ട് പുറത്തുവിട്ടതോടെ ബിസിനസ് ലോകം ഞെട്ടി. അമേരിക്കയിലുടനീളം ആരോഗ്യരംഗത്തെ പരസ്യമേഖലയില്‍ സാന്നിധ്യമുണ്ടെന്ന് അവകാശപ്പെട്ട കമ്പനിയുടെ പലകണക്കുകളും ഊതിപ്പെരുപ്പിച്ചതാണെന്നും ഇല്ലാത്ത സേവനങ്ങളുടെ പേരിലാണ് പണം കൈക്കലാക്കിയതെന്നുമായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്.
ഔട്ട്കം ഹെല്‍ത്തിന് നല്‍കാന്‍ കഴിയുന്ന പരസ്യങ്ങളെക്കാള്‍ കൂടുതല്‍ പരസ്യംചെയ്തതായി കാണിച്ച് പണം വാങ്ങുകയായിരുന്നു രീതി. ഇത് മറയ്ക്കാനായി കൃത്രിമമായി കണക്കുകളുണ്ടാക്കിയെന്നും തെറ്റായ വിവരങ്ങള്‍ കൈമാറിയെന്നും കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ കമ്പനിയുടെ ഇടപാടുകാരും നിക്ഷേപകരും നിയമനടപടികളുമായി മുന്നോട്ടുനീങ്ങി. 2023 ഏപ്രിലില്‍ ഋഷി ഷാ അടക്കം മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തുടര്‍ന്നാണ് മൂന്നുപ്രതികള്‍ക്കും കോടതി ശിക്ഷ വിധിച്ചത്.
208 1 minute read