BREAKINGINTERNATIONALNRIOTHERS

ബന്ധുവിനെ പെട്രോള്‍ പമ്പില്‍ നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിച്ചു; യുഎസില്‍ ഇന്ത്യന്‍ ദമ്പതികള്‍ക്ക് ജയില്‍ ശിക്ഷ

വാഷിംഗ്ടണ്‍: വിദ്യാഭ്യാസത്തിനെന്ന് പറഞ്ഞ് അമേരിക്കയിലെത്തിച്ച ബന്ധുവിനെ മൂന്ന് വര്‍ഷത്തിലേറെ പെട്രോള്‍ പമ്പിലും കണ്‍വീനിയന്‍സ് സ്റ്റോറിലും ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ച ഇന്ത്യന്‍-അമേരിക്കന്‍ ദമ്പതികള്‍ക്ക് യുഎസ് കോടതി തടവുശിക്ഷ വിധിച്ചു. 31 കാരനായ ഹര്‍മന്‍പ്രീത് സിംഗിന് 11.2 വര്‍ഷം തടവും ഭാര്യയായിരുന്ന കുല്‍ബീര്‍ കൗറിന് 7.25 വര്‍ഷം തടവിനുമാണ് ശിക്ഷിച്ചത്. ഇരയായ ബന്ധുവിന് 225,210.76 ഡോളര്‍ (1.87 കോടി രൂപ) നല്‍കാനും കോടതി ഉത്തരവിട്ടു. ദമ്പതികള്‍ ഇപ്പോള്‍ വിവാഹമോചിതരാണ്. തുടര്‍ വിദ്യാഭ്യാസത്തിന് സഹായിക്കാമെന്ന വ്യാജ വാഗ്ദാനം നല്‍കിയാണ് ഇവര്‍ ബന്ധുവിനെ അമേരിക്കയില്‍ എത്തിച്ചതെന്ന് നീതിന്യായ വകുപ്പിന്റെ പൗരാവകാശ വിഭാഗത്തിലെ അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ക്രിസ്റ്റന്‍ ക്ലാര്‍ക്ക് പറഞ്ഞു.
പ്രതികള്‍ ഇരയുടെ ഇമിഗ്രേഷന്‍ രേഖകള്‍ കൈക്കലാക്കുകയും ഭീഷണിപ്പെടുത്തിയും ശാരീരികമായി ഉപദ്രവിച്ചും പീഡനത്തിന് വിധേയനാക്കി ചുരുങ്ങിയ ശമ്പളത്തിന് ദീര്‍ഘനേരം ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നും പറയുന്നു. വിദ്യാഭ്യാസം നേടാനും ജീവിതം മെച്ചപ്പെടുത്താനുമുള്ള ഇരയുടെ ആഗ്രഹമാണ് പ്രതികള്‍ ചൂഷണം ചെയ്തതെന്ന് വെര്‍ജീനിയയിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റിന് വേണ്ടിയുള്ള യുഎസ് അറ്റോര്‍ണി ജെസീക്ക ഡി ആബര്‍ പറഞ്ഞു. 2018ലാണ് സംഭവം. യുഎസില്‍ എത്തിയതിന് ശേഷം പ്രതികള്‍ ഇമിഗ്രേഷന്‍ രേഖകള്‍ കൈക്കലാക്കി 2018 മാര്‍ച്ചിനും 2021 മെയ് മാസത്തിനും ഇടയില്‍ മൂന്ന് വര്‍ഷത്തിലേറെയായി പ്രതിയുടെ സ്റ്റോറില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നും പറയുന്നു.
ദമ്പതികള്‍ ഇരയെ ദിവസങ്ങളോളം ബാക്ക് ഓഫീസിലാണ് ഉറങ്ങാന്‍ അനുവദിച്ചത്. ഭക്ഷണം പരിമിതപ്പെടുത്തി. വൈദ്യ പരിചരണമോ വിദ്യാഭ്യാസമോ നല്‍കാന്‍ വിസമ്മതിച്ചു. കടയിലും വീട്ടിലും ഇരയെ നിരീക്ഷിക്കാന്‍ നിരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിച്ചു. നാട്ടിലേക്ക് മടങ്ങാനുള്ള നീക്കം തടയുകയും വിസ കാലാവധിയില്‍ കൂടുതല്‍ താമസിപ്പിക്കുകയും ചെയ്‌തെന്നും പറയുന്നു. പ്രതികള്‍ ഇരയെ കുല്‍ബീര്‍ കൗറിനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും വിവാഹം ഉപയോഗിച്ച് ഇരയുടെ കുടുംബ സ്വത്തുക്കള്‍ കൈക്കലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button