KERALALATESTNEWS

‘കുപ്പി കൊണ്ടിട്ടത് പൊലീസ്, വിരലടയാളം പതിപ്പിച്ചു’; ഉത്ര കൊലക്കേസ് നിഷേധിച്ച് മുഖ്യപ്രതി സൂരജ്‌

കൊല്ലം: പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഉത്ര കൊലക്കേസിലെ മുഖ്യപ്രതി സൂരജ്. ഉത്രയുടെ വീട്ടിൽ നിന്നും കണ്ടെടുത്ത കുപ്പി പൊലീസ് തന്നെ കൊണ്ടിട്ടതാണെന്നും തന്റെ വിരലടയാളം അതിൽ പതിക്കുകയായിരുന്നെന്നും സൂരജ് ആരോപിച്ചു. അടൂരിലുള്ള സൂരജിന്റെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് പ്രതി പൊലീസിനെതിരെ ആരോപണമുന്നയിച്ചത്.

പൊലീസ് തന്നെ ഉപദ്രവിച്ചെന്നും കുഞ്ഞിനെയും അച്ഛനെയും അമ്മയെയും സഹോദരിയെയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സൂരജ് പറഞ്ഞു. തെളിവെടുപ്പ് പൂർത്തിയാക്കി വാഹനത്തിലേക്ക് കയറ്റുന്നതിനിടെയാണ് കരഞ്ഞു കൊണ്ട് സൂരജ് ആരോപണമുന്നയിച്ചത്.

ഇതിനിടെ തന്നെ കേസില്‍ കുടുക്കിയതാണെന്ന് രണ്ടാം പ്രതി സുരേഷും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളിച്ചുപറഞ്ഞു. കോടതിയില്‍ ഹാജരാക്കി മടങ്ങുമ്പോഴും സുരേഷ് ഇതേ ആരോപണം ഉന്നയിച്ചിരുന്നു.

അതേസമയം സൂരജിന് പാമ്പുകളെ നല്‍കിയത് തന്റെ അച്ഛൻ തന്നെയാണെന്ന് സുരേഷിന്റെ മകന്‍ എസ്. സനല്‍ വെളിപ്പെടുത്തി. മരണം അറിഞ്ഞപ്പോൾ തന്നെ സംശയം തോന്നിയിരുന്നുവെന്നും പൊലീസിനെ അറിയിക്കാൻ അച്ഛനോട് പറഞ്ഞിരുന്നുവെന്നും സനൽ പ്രതികരിച്ചു.

“പാമ്പിനെ കാണണമെന്ന് പറഞ്ഞാണ് ആദ്യം വിളിച്ചത്. പാമ്പുമായി ചെന്നപ്പോള്‍ ഒരുദിവസം പാമ്പിനെ വീട്ടില്‍ സൂക്ഷിക്കണമെന്ന് പറഞ്ഞു. പിറ്റേന്ന് പാമ്പ് ഇഴഞ്ഞുപോയെന്ന് പറഞ്ഞ് തിരികെ തന്നില്ല. രണ്ടാമത് 10,000 രൂപ നല്‍കി മൂര്‍ഖനെ വാങ്ങിയത് എലിയെ പിടിക്കാനെന്ന് പറഞ്ഞാണ്. ഉത്രയുടെ മരണം അറിഞ്ഞപ്പോഴെ സംശയം തോന്നിയിരുന്നു. പൊലീസിനെ അറിയിക്കാന്‍ അച്ഛനോടു പറഞ്ഞതാണ്. എല്ലാം തലയിലാകുമെന്ന് പറഞ്ഞ് അച്ഛൻ ഒഴിഞ്ഞുമാറുകയായിരുന്നു.” മകൻ പറഞ്ഞു.

Tags

Related Articles

Back to top button
Close