ദെഹ്റാദൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തില്‍പ്പെട്ട 26 പേരുടെ മൃതദേഹങ്ങള്‍ കിട്ടി. രുദ്രപ്രയാഗ് മേഖലയില്‍ നിന്നാണ് മൃതദേഹങ്ങളില്‍ ഭൂരിഭാഗവും കണ്ടെത്തിയിരിക്കുന്നത്. 32 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട് .അതേസമയം കാണാതായവരുടെ എണ്ണത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. 171 പേരെ കാണാതായി എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ 197 പേരെ കുറിച്ച് ഇപ്പോഴുംവിവരമില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന പറഞ്ഞു.
രക്ഷാപ്രവര്‍ത്തനം ദുഷ്കരമാകുന്നത് പ്രധാനമായും രണ്ടു തുരങ്കങ്ങളിലാണ്. ഋഷിഗംഗ പവര്‍ പ്രൊജക്ടിന്റെ ഭാഗമായിട്ടുളള 900 മീറ്റര്‍ നീളമുളള തുരങ്കത്തിലും വിഷ്ണുഗഡ് പവര്‍ പ്രൊജക്ടിന്റെ ഭാഗമായിട്ടുളള രണ്ടര കിലോമീറ്റര്‍ നീളമുളള തുരങ്കത്തിലുമാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ഇവയ്ക്കകത്ത് മണ്ണും ചെളിയും അടിഞ്ഞുകൂടിയിരിക്കുകയാണ്. ജെ.സി.ബി. ഉപയോഗിച്ച് ഇവ നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും കുടുങ്ങിക്കിടക്കുന്ന ആളുകള്‍ ഉളള ഭാഗത്തേക്ക് എത്താന്‍ സാധിച്ചിട്ടില്ല. ഡോഗ് സ്ക്വാഡ് ഉള്‍പ്പടെ തിരച്ചിലിനായി രംഗത്തുണ്ട്.
മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ഇപ്പോഴും ചമോലിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് അദ്ദേഹം തന്നെയാണ് ഇപ്പോഴും നേതൃത്വം വഹിക്കുന്നത്.കരസേനയും ഐ.ടി.ബി.പി.യും എന്‍.ഡി.ആര്.എഫും എസ്.ഡി.ആര്.എഫും ഉള്‍പ്പെട്ട സംഘം രാപകലില്ലാതെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയാണ്.