തിരുവനന്തപുരം: കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥി ജോസ്ഫ് വിഭാഗത്തിന് തന്നെയെന്ന് ഉറപ്പിച്ച് പറഞ്ഞ് പിജെ ജോസഫ്. ജേക്കബ് എബ്രഹാം തന്നെ സ്ഥാനാര്‍ത്ഥിയെന്ന് പിജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണിയോടുള്ള നിലപാട് പുനഃപരിശോധിക്കില്ലെന്ന് യുഡിഎഫ് യോഗം കഴിഞ്ഞിറങ്ങിയ പിജെ ജോസഫ് പ്രതികരിച്ചു. വെര്‍ച്വല്‍ യുഡിഎഫ് യോഗമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പിജെ ജോസഫ് അടക്കമുള്ള നേതാക്കള്‍ നേരിട്ട് കണ്‍ഡോണ്‍മെന്റ് ഹൗസിലെത്തിയാണ് യോഗത്തില്‍ പങ്കെടുത്തത്.
കഴിഞ്ഞ തവണ കുട്ടനാട്ടില്‍ മത്സരിച്ച ജേക്കബ് എബ്രഹാം തന്നെ മത്സരിക്കാന്‍ ധാരണയായെന്നാണ് പിജെ ജോസഫ് വ്യക്തമാക്കുന്നത്. ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥി വേണമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടക്കമുള്ളവര്‍ മുന്നോട്ട് വച്ചെങ്കിലും പിജെ ജോസഫിനെ പിണക്കേണ്ടതില്ലെന്ന പൊതു വികാരത്തിനൊപ്പം മുന്നണിയോഗം നില്‍ക്കുകയായിരുന്നു എന്നാണ് മനസിലാക്കുന്നത്.
ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയോട് അടുത്ത് കഴിഞ്ഞെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്. യുഡിഎഫ് പുറത്താക്കിയത് അല്ല അവര്‍ സ്വയം പുറത്തു പോയതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും മുന്നണിയോഗത്തില്‍ ധാരണയായിട്ടുണ്ട്. വോട്ട് വാങ്ങി എം പി യും എം എല്‍ എ യുമായ ജോസ് വിഭാഗം യു ഡി എഫിനൊപ്പം നില്‍ക്കണമായിരുന്നു. അതിന് പകരം മുന്നണിയെ വഞ്ചിക്കുകയാണ് ജോസ് കെ മാണി ചെയ്തതെന്നും വിലയിരുത്തലുണ്ടായി.
അതേ സമയം രണ്ടില ചിഹ്നത്തില്‍ മത്സരിക്കാന്‍ ആഗ്രഹമെന്ന് കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജേക്കബ് ഏബ്രഹാം പ്രതികരിച്ചു. പാര്‍ട്ടി രണ്ട് തട്ടിലായതില്‍ വിഷമമുണ്ട്. തിരഞ്ഞെടുപ്പില്‍ ഇതൊന്നും പ്രതിഫലിക്കില്ലെന്നും സര്‍ക്കാരിനെതിരായ വിധിയെഴുത്ത് കുട്ടനാട്ടിലുണ്ടാകുമെന്നും ജേക്കബ് ഏബ്രഹാം പറഞ്ഞു