തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ഭവനസമുച്ചയ നിര്‍മാണത്തിനു യൂണിടാക്കും യുഎഇ റെഡ്ക്രെസന്റുമായുള്ള ധാരണാപത്രം തയാറാക്കിയത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെന്ന് ലൈഫ് മിഷന് സിഇഒ യു വി ജോസ് മൊഴി നല്കി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ആക്ഷേപം അന്വേഷിക്കാന്‍ നിയോഗിച്ച വിജിലന്‍സിനാണ് ജോസിന്റെ നിര്‍ണായക മൊഴി. അഞ്ചു മണിക്കൂറാണ് ജോസിനെ വിജിലന്‍സ് ചോദ്യം ചെയ്തത്.
വടക്കാഞ്ചേരി പദ്ധതിയുടെ കരാര്‍ യൂണിടാക്കിനു നല്‍കിയതിനെക്കുറിച്ച് ലൈഫ് മിഷന് ഒന്നുമറിയില്ലായിരുന്നു. ഒപ്പിട്ടശേഷമാണു റെഡ്ക്രെസന്റ് ഇക്കാര്യം അറിയിച്ചത്. യൂണിടാക്കിന്റെ പദ്ധതിരേഖ വന്നശേഷമാണ് കരാര്‍ സംബന്ധമായ വിശദാംശങ്ങള്‍ താന്‍ മനസിലാക്കിയതെന്നും ജോസ് പറഞ്ഞു. ഹാബിറ്റാറ്റ് തയാറാക്കിയ രൂപരേഖയില്‍ യൂണിടാക് അടിമുടി മാറ്റംവരുത്തി. റെഡ്ക്രെസന്റിനെ ലൈഫ് പദ്ധതിയിലേക്കു കൊണ്ടുവന്നതു ശിവശങ്കറാണെന്നും ധാരണാപത്രം ദുബായില്‍നിന്ന് എത്തിക്കുകയായിരുന്നു എന്നും യു വി ജോസ് മൊഴി നല്കി.
വടക്കാഞ്ചേരി പദ്ധതിയില്‍ റെഡ്ക്രസന്റുമായുള്ള ധാരണാപത്രം ഒപ്പിടുന്ന ദിവസമാണ് താന്‍ കണ്ടത്. വൈകിട്ട് അഞ്ചിന് ഒപ്പിടേണ്ട ധാരണാപത്രം ഉച്ചയ്ക്കാണ് കൈയിലെത്തിയത്. നിയമവകുപ്പ് ധാരണാപത്രം അംഗീകരിച്ച് നല്‍കിയെന്ന് ശിവശങ്കറാണ് അറിയിച്ചത്. ധാരണാപത്രം ഒപ്പിടുന്ന ദിവസം രാവിലെയാണ്, അന്ന് വൈകിട്ട് അഞ്ചിന് ധാരണാപത്രം ഒപ്പിടാനെത്തണമെന്ന കുറിപ്പ് തദ്ദേശ വകുപ്പ് സെക്രട്ടറിയായ ടി കെ ജോസ് തനിക്ക് കൈമാറിയതെന്ന് യു വി ജോസ് പറഞ്ഞു.
ധാരണാപത്രം റെഡ്ക്രസന്റ് കൈമാറിയതാണെന്ന വിവരം ഈ കുറിപ്പിലുണ്ടായിരുന്നു. ചുമതലപ്പെട്ട ഉദ്യോഗസ്ഥനെന്ന നിലയില്‍ ഒപ്പിടേണ്ട സ്ഥിതിയുണ്ടായി. നിയമ, തദ്ദേശവകുപ്പുകള്‍ സൂക്ഷ്മപരിശോധന നടത്തിയ കരാറില്‍ അഡി.ചീഫ്സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം ഒപ്പിടുക മാത്രമാണ് താന്‍ ചെയ്തതെന്നും യു വി ജോസ് മൊഴി നല്കി. യു.എ.ഇ കോണ്‍സുലേറ്റ് യൂണിടാക്, സെയ്ന് വെഞ്ചേഴ്സ് കമ്പനികളുമായുണ്ടാക്കിയ നിര്‍മ്മാണ കരാറും താന്‍ അറിഞ്ഞിരുന്നില്ല. യൂണിടാക്കിന്റെ പ്ലാന്‍ വന്ന ശേഷമാണ് നിര്‍മ്മാണ കരാര്‍ അവര്‍ക്കാണെന്നറിഞ്ഞത്. സിഇഒയായ തന്നെപ്പോലും കരാര്‍ വിവരങ്ങള്‍ അറിയിച്ചില്ല. യൂണിടാകിന് സഹായം നല്കാന് ആവശ്യപ്പെട്ട് ശിവശങ്കര്‍ വിളിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി അദ്ദേഹത്തിനുണ്ടായിരുന്ന അടുപ്പം ലൈഫ് മിഷന് ഇടപാടില്‍ പ്രതിഫലിച്ചെന്നു സംശയിക്കുന്നതായും ജോസ് മൊഴി നല്കി.