കൊച്ചി : ലൈഫ് മിഷന് സിഇഒയും തദ്ദേശ വകുപ്പ് സെക്രട്ടറിയുമായ യു വി ജോസിനെ സിബിഐ ചോദ്യം ചെയ്യും. അടുത്തമാസം അഞ്ചിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ ജോസിന് നോട്ടീസ് നല്കി. കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാനും സിബിഐ ജോസിന് നിര്‍ദേശം നല്കി.
ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ലിന്‍സ് ഡേവിഡിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിക്കുന്നതിനായി സിബിഐ സംഘം കഴിഞ്ഞദിവസം തൃശൂര്‍ ജില്ലാ ഓഫിസില്‍ എത്തിയെങ്കിലും ഇവ വിജിലന്‍സ് പരിശോധനയ്ക്കായി എടുത്തുകൊണ്ടു പോയതായി അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് ഫയലുകളുമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്.
സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ആരെങ്കിലും പദ്ധതി നിരീക്ഷിച്ചിരുന്നോ, ഇടപെടലുകള്‍ നടത്തിയോ തുടങ്ങിയ വിവരങ്ങളില്‍ വ്യക്തത ലഭിക്കുന്നതിനാണ് രേഖകള്‍ പരിശോധിക്കുന്നതിലൂടെയും തൃശൂര്‍ കോഓര്‍ഡിനേറ്ററെ ചോദ്യം ചെയ്യുന്നതിലൂടെയും സിബിഐ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം സിബിഐ ചോദ്യം ചെയ്ത യൂണിടാക് ബില്‍ഡേഴ്സ് ഉടമ സന്തോഷ് ഈപ്പനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. സ്വപ്നയ്ക്ക് കൈക്കൂലി നല്‍കിയതായി ചോദ്യം ചെയ്യലില്‍ സന്തോഷ് സമ്മതിച്ചു. പണമിടപാട് രേഖപ്പെടുത്തിയ ഡയറി സിബിഐ പിടിച്ചെടുത്തു.
സ്വപ്ന സുരേഷിനും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കുമായി 4.35 കോടി രൂപ കമ്മിഷന് നല്‍കിയെന്നാണ് സിബിഐക്ക് ലഭിച്ചിരിക്കുന്ന വിവരം. വിദേശ സഹായ നിയന്ത്രണ ചട്ടം ലംഘിച്ചെന്നു കാണിച്ച് സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയാക്കി എടുത്ത കേസില്‍ യുണിടാക് ഓഫിസിലും സിബിഐ പരിശോധന നടത്തുകയും വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയുമായിരുന്നു. വടക്കാഞ്ചേരി ഫ്ലാറ്റ് നിര്‍മാണത്തിനായി നല്കിയ 4.32 കോടി രൂപ കമ്മിഷന് കോഴയായി കണക്കാക്കാനാകില്ലെന്നും ഇതില്‍ മൂന്നര കോടി യുഎഇ കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരനായ അക്കൗണ്ടന്റിന് തിരുവനന്തപുരത്തെത്തി കൈമാറിയെന്നും സന്തോഷ് ഈപ്പന് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.