BREAKING NEWSLATESTNATIONAL

കോവിഡ് വാക്‌സിന് വേണ്ടി ഇന്ത്യയെ സമീപിച്ചത് 92 രാജ്യങ്ങള്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന് വേണ്ടി ഇന്ത്യയെ ഇതുവരെയായി സമീപിച്ചത് 92 രാജ്യങ്ങള്‍. ഭൂട്ടാന്‍, മാലെദ്വീപ്, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ അയല്‍ രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. മ്യാന്‍മര്‍, സീഷെല്‍സ് എന്നീ രാജ്യങ്ങളിലേക്കുള്ള വാക്‌സിനുകള്‍ നാളെ അവിടെയെത്തും. ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കും വാക്‌സിന്‍ അയയ്ക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പിന്നാലെയാണ് 92 രാജ്യങ്ങള്‍ വാക്‌സിനു വേണ്ടി ഇന്ത്യയെ സമീപിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.ഇന്ത്യയില്‍ നിര്‍മിച്ച വാക്‌സിനുകള്‍ക്ക് പാര്‍ശ്വ ഫലങ്ങള്‍ കുറവാണെന്ന വിലയിരുത്തലാണ് അവ ഉപയോഗിക്കാന്‍ നിരവധി രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ലോകത്തിന്റെ വാക്‌സിന്‍ ഹബ് എന്നാണ് ഇന്ത്യ വിശേഷിപ്പിക്കപ്പെടുന്നത്.മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് രാജ്യത്ത് കഴിഞ്ഞ ശനിയാഴ്ച മുതല്‍ കോവിഡ് വാക്‌സിന്‍ കുത്തിവച്ച് തുടങ്ങിയിരുന്നു. എന്നാല്‍ നിസാരമായ പാര്‍ശ്വ ഫലങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്. ബൊളീവിയ, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നിവ അടക്കമുള്ള രാജ്യങ്ങളും വാക്‌സിനു വേണ്ടി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. അതിനിടെ, ആവശ്യമെങ്കില്‍ പാകിസ്ഥാനും ചൈനയ്ക്കും വാക്‌സിന്‍ നല്‍കാനും ഇന്ത്യ തയ്യാറാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.രാജ്യത്തെ ജനങ്ങള്‍ക്ക് ആവശ്യമായ ഓക്‌സ്ഫഡ് ആസ്ട്രസെനിക്ക വാക്‌സിന്‍ ഡോസുകള്‍ എത്രയും വേഗം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൊമിനിക്കന്‍ റിപ്പബ്ലിക് പ്രധാനമന്ത്രി റൂസ്‌വെല്‍റ്റ് സ്‌കെറിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൊവ്വാഴ്ച കത്തയച്ചിരുന്നു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യയുടെ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം കത്തില്‍ വ്യക്തമാക്കി.അമേരിക്ക കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ബ്രസീല്‍ കോവിഡ് വാക്‌സിനുകള്‍ കൊണ്ടുപോകാന്‍ പ്രത്യേക വിമാനം തന്നെ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്. കോവിഡ് വാക്‌സിന്റെ 20 ലക്ഷം ഡോസുകളുമായാവും പ്രത്യേക വിമാനം ബ്രസീലിലേക്ക് തിരിച്ചു പോകുക. സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മ്മിച്ച വാക്‌സിനുകളാവും ബ്രസീലിലേക്ക് കൊണ്ടുപോകുക. വാക്‌സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്നതിന് ബ്രസീലിലെ വിദഗ്ധ സമിതി അടുത്തയാഴ്ച യോഗം ചേരുന്നുണ്ട്.50 ലക്ഷം ഡോസ് കോവിഡ് വാക്‌സിനുകള്‍ കൈമാറുന്നതിനാണ് ബൊളീവിയന്‍ സര്‍ക്കാര്‍ പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ഇന്ത്യ, റഷ്യ എന്നിവിടങ്ങളില്‍ നിന്ന് വാക്‌സിനുകള്‍ ഉപയോഗിച്ച് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ കുത്തിവെക്കാനാണ് ബൊളീവിയയുടെ നീക്കം.ചൈന വികസിപ്പിച്ച വാക്‌സിനുകള്‍ ഫലപ്രദമല്ലെന്ന് കണ്ടെത്തുന്ന പക്ഷം ചൈനയിലേക്ക് വാക്‌സിന്‍ അയയ്ക്കാനുള്ള സാധ്യതയും ഇന്ത്യ ആരായുന്നുണ്ട്. ചൈനയുടെ വാക്‌സിന്റെ ഫല പ്രാപ്തിയില്‍ അടുത്തിടെ തായ്‌ലന്‍ഡ് സംശയം പ്രകടിപ്പിച്ചിരുന്നു. ചൈനയിലെ സിനോവാക് ബയോടെക്കിന്റെ വാക്‌സിന് വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ അനുമതി നല്‍കൂവെന്ന് സിംഗപ്പൂരും വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker