BREAKING NEWSLATESTNATIONAL

സ്വന്തം ജനങ്ങള്‍ക്ക് നല്‍കിയതിനെക്കാള്‍ വാക്‌സിന്‍ കയറ്റിയയച്ചതായി ഇന്ത്യ

യുണൈറ്റഡ് നേഷന്‍സ്: സ്വന്തം രാജ്യത്ത് നല്‍കിയതിനെക്കാള്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ കയറ്റിയയച്ചതായി ഐക്യരാഷ്ട്ര സഭയില്‍ (യു.എന്‍.) ഇന്ത്യ. യു.എന്‍. പൊതുസഭയില്‍ ഇന്ത്യയുടെ പ്രതിനിധി നാഗരാജ് നായിഡുവാണ് ഇക്കാര്യം അറിയിച്ചത്. ‘സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്ക് 50 കോടി വാക്‌സിന്‍ നല്‍കിയതിനൊപ്പം 70 രാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റിയയച്ചു. പ്രാദേശികമായി വികസിപ്പിച്ച കോവാക്‌സിന്‍ അടക്കം ഇന്ത്യയുടെ രണ്ട് വാക്‌സിനുകള്‍ക്ക് അംഗീകാരം ലഭിച്ചു. നിലവില്‍ 30ഓളം വാക്‌സിനുകള്‍ പരീക്ഷണഘട്ടത്തിലാണ്’ നായിഡു പറഞ്ഞു.
ഇതുവരെ വാക്‌സിന്‍ ലഭിക്കാത്ത രാജ്യങ്ങളുടെ അവസ്ഥയില്‍ ഇന്ത്യക്ക് ആശങ്കയുണ്ട്. പ്രാദേശികമായും ആഗോളമായും വാക്‌സിനുകള്‍ നിര്‍മിക്കുന്നതിലും വിതരണംചെയ്യുന്നതിലും രാജ്യാന്തര സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനം രൂക്ഷമാണെങ്കിലും ഫലപ്രാപ്തിയുള്ള വാക്‌സിന്‍ കണ്ടെത്തിയതിനാല്‍ 2021 വര്‍ഷം ഒരു ശുഭസൂചനയോടെയാണ് ആരംഭിച്ചത്. എന്നാല്‍, വാക്‌സിന്‍വിതരണത്തിലെ അസമത്വം കോവിഡ് പ്രതിരോധത്തിനായി നാം നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഇല്ലാതാക്കുമെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.
യു.എന്‍. സമാധാനപാലകര്‍ക്ക് രണ്ടുലക്ഷം ഡോസുകള്‍ ഇന്ത്യ സമ്മാനമായി അയച്ചു
യു.എന്‍. സമാധാനപാലകര്‍ക്ക് സമ്മാനമായി കോവിഡ് പ്രതിരോധവാക്‌സിന്റെ രണ്ടുലക്ഷം ഡോസുകള്‍ ഇന്ത്യ നല്‍കി. മുംബൈയില്‍നിന്ന് ശനിയാഴ്ച പുലര്‍ച്ചെ അയച്ച വാക്‌സിന്‍ ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ എത്തിച്ചേരും. യു.എന്‍. സമാധാനദൗത്യങ്ങളുടെ അണ്ടര്‍ സെക്രട്ടറി ജനറല്‍ ജീന്‍ പിയറി ലാക്രോയിക്‌സ് ഇന്ത്യയുടെ സംഭാവനകള്‍ക്ക് നന്ദിയറിയിച്ചു.
ലോകത്തിലെ ഏറ്റവുംദുഷ്‌കരമായ സാഹചര്യങ്ങളില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്കുള്ള സംഭാവന ഏറെ പ്രാധാന്യമേറിയതാണെന്ന് ജീന്‍ ചൂണ്ടിക്കാട്ടി. ഫെബ്രുവരിയില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറാണ് യു.എന്‍. രക്ഷാസമിതിയില്‍ സമാധാനപാലകര്‍ക്ക് വാക്‌സിന്‍ നല്‍കുന്ന കാര്യം അറിയിച്ചത്. ലോകമെന്പാടുമുള്ള യു.എന്‍. സമാധാനപാലകര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ ലഭിക്കാന്‍ സഹായിക്കുന്നതാണ് ഇന്ത്യയുടെ സംഭാവന. 2021 ജനുവരി 31 വരെയുള്ള കണക്കുപ്രകാരം 12 ദൗത്യങ്ങളുടെ ഭാഗമായി 85,782 സമാധാനപാലകരാണ് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുന്നത്.

Related Articles

Back to top button