ന്യൂഡല്‍ഹി: ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന് ഉടന്‍ ഉപയോഗിക്കില്ലെന്ന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. കോവാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാകുന്നതിനു മുന്‍പ് ഇതിന് അനുമതി നല്‍കിയതിനെതിരെ വിവിധ കോണുകളില്‍നിന്ന് വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് ഗുലേറിയയുടെ പ്രസ്താവന.
കോവാക്സിനും ആസ്ട്രസെനക വികസിപ്പിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡിനും അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കിയിരുന്നു. ഇതില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന വാക്സിന് ആയിരിക്കും വരും ദിവസങ്ങളില്‍ നല്‍കുകയെന്നും ഭാരത് ബയോടെക്കിന്റെ വാക്സിന് തല്കാലം ഉപയോഗിക്കില്ലെന്നും ഗുലേറിയ പറഞ്ഞു.
ഇപ്പോള്‍ ആദ്യത്തെ ഏതാനും ആഴ്ചകളില്‍ കോവിഷീല്‍ഡ് വാക്സിന് ആയിരിക്കും വിതരണം ചെയ്യുക. നിലവില്‍ കോവിഷീല്‍ഡിന്റെ അഞ്ച് കോടി ഡോസുകള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. ആ സമയംകൊണ്ട് കോവാക്സിന് മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കും. വാക്സിന്റെ കാര്യക്ഷമത, ഡോസേജ്, സുരക്ഷിതത്വം തുടങ്ങി മൂന്നാം ഘട്ട പരീക്ഷണത്തില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ലഭിച്ച ശേഷമായിരിക്കും അത് വിതരണത്തിന് ലഭ്യമാക്കുക, ഡോ. ഗുലേറിയ പറഞ്ഞു.
കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ അതിന് അനുമതി നല്‍കിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. പരീക്ഷണം പൂര്ണമാകുന്നതിനു മുന്‍പ് അനുമതി നല്‍കിയത് അപകടമുണ്ടാക്കുമെന്നും ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രി വ്യക്തത വരുത്തണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. പരീക്ഷണം പൂര്ണമാകുന്നതിനു മുന്‍പ് കോവാക്സിന് വിതരണം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ച ഭാരത് ബയോടെക്, ആസ്ട്രസനെക വാക്സിനുകളുടെ സുരക്ഷ സംബന്ധിച്ച് ഒരുവിധത്തിലുള്ള ആശങ്കയും ആവശ്യമില്ലെന്ന് ഡിസിജിഐ മേധാവിഡോ. വി.എസ്. സോമാനി ഇന്ന് പറഞ്ഞിരുന്നു. ആവശ്യമായ പരിശോധനകള്‍ക്ക് ശേഷമാണ് വാക്സിനുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നതെന്നും വാക്സിനുകള്‍ നൂറ് ശതമാനവും സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.