BREAKING NEWSKERALA

വാക്‌സീന്‍ ഇന്ന് കേരളത്തില്‍; കുത്തിവയ്പ് ശനിയാഴ്ച മുതല്‍

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച കേരളത്തില്‍ ആദ്യഘട്ട കുത്തിവയ്പിനുള്ള കോവിഡ് പ്രതിരോധ വാക്‌സിന്‍ ഇന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെത്തും. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നു 4,33,500 ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണു കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ശനിയാഴ്ചയാണ് കുത്തിവയ്പ് തുടങ്ങുന്നത്.
പുണെയിലെ പ്ലാന്റില്‍ നിന്ന് ഇന്നു 2 ന് കൊച്ചിയിലേക്കു വാക്‌സീനുമായി വിമാനം പുറപ്പെടും. വൈകിട്ട് 6 ന് ഇന്‍ഡിഗോ വിമാനത്തില്‍ തിരുവനന്തപുരത്ത് വാക്‌സീന്‍ എത്തും. കോഴിക്കോട് വിമാനത്താവളത്തിലും വൈകിട്ടാണു വാക്‌സീന്‍ എത്തുന്നത്. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്‌സീനാണ് എത്തിക്കുന്നത്. കോഴിക്കോട് വരുന്ന വാക്‌സീനില്‍ നിന്ന് 1,100 ഡോസ് പുതുച്ചേരിയുടെ ഭാഗമായ മാഹിയിലേക്ക് അയയ്ക്കും.
ഓര്‍ഡര്‍ ചെയ്ത വാക്‌സീന്‍ നാളെയോടെ മുഴുവന്‍ സംസ്ഥാനങ്ങളിലും എത്തുമെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കോവിഷീല്‍ഡ്, നാലാഴ്ചയ്ക്കും ആറാഴ്ചയ്ക്കും ഇടയില്‍ രണ്ടാം ഡോസ് നല്‍കാനാണു ഡ്രഗ്‌സ് കണ്‍ട്രോളര്‍ നിര്‍ദേശിച്ചിരിക്കുന്നതെങ്കിലും ഇക്കാര്യം വൈകിക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. ചുരുക്കത്തില്‍, കോവിഷീല്‍ഡിന്റെയും കോവാക്‌സീന്റെയും രണ്ടാം ഡോസ് കൃത്യം 28–ാം ദിവസം തന്നെ സ്വീകരിക്കണം. കോവിഷീല്‍ഡിനു സമാനമായ വാക്‌സീന്‍ യുകെയില്‍ 11 ആഴ്ചയ്ക്കുള്ളില്‍ രണ്ടാം ഡോസ് നല്‍കിയാല്‍ മതിയെന്നാണു നിര്‍ദേശിച്ചത്.
രണ്ടാം ഡോസ് സ്വീകരിച്ചു 14–ാം ദിവസമാണു പ്രതിരോധശേഷി ലഭിക്കുകയെന്ന കാര്യം ബോധവല്‍ക്കരിക്കണമെന്നും സംസ്ഥാനങ്ങളോടു നിര്‍ദേശിച്ചിട്ടുണ്ട്.
പുണെയില്‍ നിന്ന് ഡല്‍ഹി അടക്കം രാജ്യത്തെ 12 നഗരങ്ങളിലേക്കുള്ള വാക്‌സീനുമായി ആദ്യ ട്രക്കുകള്‍ പുറപ്പെട്ടത് ഇന്നലെ അതിരാവിലെ. പ്രത്യേക പൂജയ്ക്കും പ്രാര്‍ഥനകള്‍ക്കും ശേഷമാണു ട്രക്കുകള്‍ വിമാനത്താവളത്തിലേക്കു പോയത്.
വാക്‌സീന്‍ കുത്തിവയ്ക്കുന്നത് ഇടതു തോളില്‍. 28 ദിവസത്തെ ഇടവേളയ്ക്കു ശേഷം അടുത്ത ഡോസ് കുത്തിവയ്ക്കും. വാക്‌സീന്‍ ജില്ലാ കേന്ദ്രങ്ങളില്‍ എത്തിയ ശേഷം കുത്തിവയ്പിനു ഹാജരാകേണ്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എപ്പോള്‍, ഏതു കേന്ദ്രത്തില്‍ എത്തണമെന്ന സന്ദേശം അയയ്ക്കും. ഇതനുസരിച്ച് എത്തണം. തിരിച്ചറിയല്‍ രേഖ ഹാജരാക്കണം.

Related Articles

Back to top button