BREAKING NEWSKERALA

വാക്‌സിന്‍ ചലഞ്ച്: രണ്ടു ദിവസംകൊണ്ട് കിട്ടിയത് ഒരു കോടിയിലേറെ രൂപ

തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വന്തമായി വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി എത്തിയത് രണ്ടു ദിവസത്തിനിടെ ഒരു കോടിയിലേറെ രൂപ. കേരളം വാക്‌സിന്‍ സ്വന്തമായി വാങ്ങുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ദുരിതാശ്വാസനിധിയിലേക്ക് വന്‍തോതിലുള്ള സംഭാവനകള്‍ പ്രവഹിച്ചു തുടങ്ങിയത്.
സര്‍ക്കാരിന്റേതായ യാതൊരു ഔദ്യോഗിക പ്രഖ്യപനവുമില്ലാതെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ വാക്‌സിന്‍ ചലഞ്ച് ക്യാംപയ്ന്‍ ജനങ്ങള്‍ ഏറ്റെടുത്തത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയം വന്നതിനു ശേഷമാണ് എന്തു വന്നാലും കേരളത്തില്‍ വാക്‌സീന്‍ സൗജന്യമായിരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടായത്. ആ പ്രഖ്യാപനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി ആളുകള്‍ ചെറുതും വലുതുമായ സംഭാവനകള്‍ നല്‍കാന്‍ തുടങ്ങിയത്.
വ്യാഴാഴ്ച മാത്രം ഏഴായിരത്തോളം പേരില്‍ നിന്ന് മുപ്പത്തിയഞ്ച് ലക്ഷം രൂപയാണ് എത്തിയത്. എന്നാല്‍ സംഭാവന നല്‍കിയവര്‍, അതിന്റെ രസീത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു തുടങ്ങിയതോടെ, വാക്‌സിന്‍ ചലഞ്ച് എന്ന ഹാഷ് ടാഗില്‍ സംഗതി അതിവേഗം വൈറലാകുകയായിരുന്നു. ഇന്ന് ഉച്ചയ്ക്കു ശേഷം വരെ മാത്രം അറുപത്തിയഞ്ച് ലക്ഷത്തിലേറെ രൂപ കൂടി എത്തിയതോടെ കേരളത്തിന് വാക്‌സിന്‍ വാങ്ങാനുള്ള സഹായപ്രവാഹം ഒരു കോടി കടക്കുകയായിരുന്നു.
വീട്ടുകാര്‍ക്കൊപ്പം സൗജന്യ വാക്‌സീന്‍ എടുക്കുമ്പോള്‍ രണ്ടു ഡോസിന്റെ പണമായ എണ്ണൂറ് രൂപ ദുരിതാശ്വസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതായാണ് സാമൂഹിക മാധ്യമങ്ങളില്‍ തുടങ്ങിയ വാക്‌സിന്‍ ചലഞ്ച് ക്യാംപയ്ന്‍ മുന്നോട്ടുവെച്ച സന്ദേശം. മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരക്കണക്കിനാളുകള്‍ അതേറ്റെടുത്തതോടെ സംഗതി വലിയ വിജയമായി മാറി.
പ്രളയകാലത്ത് ഇത്തരത്തില്‍ സര്‍ക്കാര്‍ പൊതുജനത്തെ സമീപിച്ചപ്പോഴും വന്‍തോതിലുള്ള സംഭാവനകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിയിരുന്നു. 4912 കോടി രൂപയായിരുന്നു 2018-19 വര്‍ഷങ്ങളിലായി ദുരിതാശ്വാസ നിധിയിലെത്തിയത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker