വാഗമണ്‍: വാഗമണ്ണില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ചതിന് പിന്നില്‍ ഒന്‍പത് പേരുണ്ടെന്ന് പോലീസ്. ഞായാറാഴ്ച രാത്രി പോലീസ് ഇവിടെ നടത്തിയ റെയ്ഡില്‍ വന്‍ ലഹരിമരുന്നു ശേഖരം പിടിച്ചെടുത്തിരുന്നു.
ഞായറാഴ്ച വാഗമണ്ണിലെ ഒരു റിസോര്‍ട്ടില്‍ ലഹരിമരുന്നു നിശാപാര്‍ട്ടി നടക്കുമെന്ന് രണ്ടുദിവസം മുന്‍പ് ഇടുക്കി എസ്.പി. അടക്കമുള്ളവര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ റിസോര്‍ട്ട് കഴിഞ്ഞ രണ്ടുദിവസമായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് പോലീസും നര്‍ക്കോട്ടിക് സംഘവും സ്ഥലത്തെത്തി റെയ്ഡ് നടത്തുകയായിരുന്നു. വട്ടത്താലിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടിലായിരുന്നു നിശാപാര്‍ട്ടി നടന്നത്. ഏലപ്പാറ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഐ പ്രാദേശിക നേതാവുമായ ഷാജി കുറ്റാക്കാടിന്റേത് റിസോര്‍ട്ട്.
വലിയ രീതിയിലുള്ള പാര്‍ട്ടി സംഘടിപ്പിക്കാനുള്ള ശ്രമമാണ് ഒന്‍പത് പേര് ചേര്‍ന്ന് നടത്തിയത്.സമാന രീതിയിലുള്ള പാര്‍ട്ടി ഇവര്‍ മുമ്പും നടത്തിയിട്ടുണ്ട്. പിടിച്ചെടുത്ത ലഹരിമരുന്നുകളുടെ ഉറവിടം സംബന്ധിച്ച അന്വേഷണം നടന്നുവരികയാണ് അതിനാല്‍ തന്നെ റെയ്ഡുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
സാമൂഹ്യ മാധ്യമങ്ങള്‍ വഴി വിവരങ്ങള്‍ കൈമാറിയാണ് ഇത്തരം ഒരു പാര്‍ട്ടി വാഗമണ്ണില്‍ സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അറുപതോളം പേര് ആണ് പാര്‍ട്ടിക്ക് എത്തിയത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവരില്‍ 25 പേര് സ്ത്രീകളാണ്.