വാഗമണ്‍: ഇടുക്കി വാഗമണില്‍ നടന്ന വിവാദ നിശാപാര്‍ട്ടിയുടെ സംഘാടനം സമൂഹമാധ്യമമായ ടെലഗ്രാമില്‍ പ്രത്യേക ഗ്രൂപ്പുണ്ടാക്കിയായിരുന്നെന്ന് പൊലീസ്. പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ മൊബൈല്‍ ഫോണുകള്‍ സൈബര്‍ സെല്‍, സൈബര്‍ ഡോം എന്നിവ വഴി പരിശോധിച്ചുവരികയാണ്. ലഹരിമരുന്ന് ഉപയോഗം കണ്ടെത്താന്‍ രക്തപരിശോധനയും നടത്തും. കോവിഡ് മാനദണ്ഡം ലംഘിച്ചതിനും ലഹരിമരുന്ന് ഉപയോഗം നടത്തിയതിനും ക്ലിഫ് ഇന്‍ റിസോര്‍ട്ടിന് ജില്ലാ കലക്ടര്‍ സ്റ്റോപ് മെമ്മോ നല്കി.
നിശാ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വട്ടപ്പതാലിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ എത്തിയത് 24 യുവതികള്‍ അടക്കം പ്രഫഷനലുകളുടെ വന്‍ നിരയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, മാനേജ്മന്റ് വിദഗ്ധര്‍, ഫാഷന്‍ ഡിസൈനര്‍മാര്‍ എന്നിവരാണ് ഭൂരിപക്ഷവും. ഇതില്‍ തന്നെ മലപ്പുറം, കോഴിക്കോട് പ്രദേശത്തു നിന്നുളളവരാണ് കൂടുതലും. സമൂഹമാധ്യമം വഴിയുള്ള പരിചയമാണ് ഒത്തുചേരുന്നതിന് ഇടയാക്കിയതെന്ന് ഇവര്‍ പൊലീസിനോടു പറഞ്ഞു.
ജന്മദിനാഘോഷത്തിനായി സമൂഹമാധ്യമം വഴി യുവാക്കളെ സംഘടിപ്പിച്ച ശേഷം ഇവിടെ എത്തുന്നവര്‍ക്ക് ലഹരിമരുന്നുകള്‍ വില്പന നടത്തുകയായിരുന്നു നിശാപാര്‍ട്ടി സംഘടിപ്പിച്ച ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യം. നിശാപാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് മാത്രമായി ടെലഗ്രാമില്‍ പ്രത്യേകം ഗ്രൂപ്പ് ഉണ്ടാക്കിയായിരുന്നു സംഘാടനം.
എന്നാല്‍ ഇവിടെ ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന് തങ്ങള്‍ക്ക് അറിവില്ല എന്നാണ് പങ്കെടുക്കാന്‍ എത്തിയവരുടെ മൊഴി . ലഹരിമരുന്നുകള്‍ ഇവരുടെ പക്കല്‍ നിന്നു കണ്ടെത്താത്ത സാഹചര്യത്തില്‍ സംഘാടകര്‍ അല്ലാത്ത ആരെയും കേസില്‍ ഇതുവരെ പ്രതിചേര്‍ത്തിട്ടില്ല. ആകെ 59 പേര് നിശാ പാര്‍ട്ടിയില്‍ പങ്കെടുത്തെങ്കിലും, പാര്‍ട്ടിയുടെ സംഘാടകയായ ഒരു സ്ത്രീ ഉള്‍പ്പെടെ 9 പേരെയാണ് പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്.