വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് കേസ്: അന്വേഷണം കൂടുതല്‍ പേരിലേക്ക്, ജീവനക്കാരില്‍ നിന്ന് ബിജു ലാലിന് സഹായം ലഭിച്ചെന്ന് സൂചന

0
1

തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് കേസില്‍ പ്രതി ബിജു ലാല്‍ തട്ടിയത് രണ്ടു കോടി 74 ലക്ഷം രൂപയെന്ന് ജില്ലാ ക്രൈംബ്രാഞ്ചിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കാനാണ് തീരുമാനം.സബ് ട്രഷറിയിലെ ജീവനക്കാരില്‍ നിന്നടക്കം പ്രതി ബിജു ലാലിന് സഹായം ലഭിച്ചോയെന്ന് പരിശോധിക്കുമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജു ലാലിനെ കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവ് എടുക്കണമെന്നും ബാങ്ക് ഇടപാടുകള്‍ വിശദമായി പരിശോധിക്കണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജു ലാലിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ ഉടന്‍ അപേക്ഷ നല്‍കും.

സബ് ട്രഷറി ഓഫീസറായി വിരമിച്ച ഭാസ്‌കരന്റെ യൂസര്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ചാണ് ബിജു പണം തട്ടിയത്. ഭാസ്‌കരന്‍ വിരമിക്കുന്നതിന് മുന്‍പ് തന്നെ തട്ടിപ്പ് തുടങ്ങിയെന്ന സൂചനകള്‍ കേസിലെ ദുരൂഹത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് തട്ടിപ്പില്‍ കൂടുതല്‍ പേരുടെ പങ്ക് അന്വേഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

പണം കൂടുതലും റമ്മി കളിക്കാന്‍ ഉപയോഗിച്ചെന്ന ബിജുവിന്റെ മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ‘റമ്മി സര്‍ക്കിള്‍’ എന്ന സൈറ്റിലടക്കമാണ് റമ്മി കളിച്ചതെന്നായിരുന്നു മൊഴി. എന്നാല്‍ പരമാവധി 25 ലക്ഷം രൂപ വരെ ഇങ്ങനെ ഉപയോഗിച്ചേക്കാമെന്ന് മാത്രമാണ് അന്വേഷണ സംഘം കരുതുന്നത്. ഇതില്‍ വ്യക്തത വരുത്താന്‍ റമ്മി സൈറ്റുകളിലെ ബിജുവിന്റെ ഇടപാടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിജുലാല്‍ പണം അക്കൗണ്ടിലേക്ക് മാറ്റിയതായി കരുതുന്ന ഭാര്യ സിമിയേയും സഹോദരിയെയും നാളെ ചോദ്യം ചെയ്യും.