BREAKING NEWSKERALA

നെയ്യാറ്റിന്‍കര സംഭവം; പ്രതിഷേധവുമായി നാട്ടുകാര്‍, വസന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര സംഭവത്തില്‍ പരാതിക്കാരിയായ വസന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്താണ് നടപടിയെന്ന് പോലീസ് വ്യക്തമാക്കി. വസന്തയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വസന്തയുടെ വീടിന് മുന്നില്‍ നാട്ടുകാര്‍ വലിയ പ്രതിഷേധം നടത്തിയിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കുട്ടികളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇളയമകന്‍ രഞ്ജിത്ത് മന്ത്രിയോട് കാര്യങ്ങള്‍ വിശദീകരിച്ചു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കുട്ടികളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിനുശേഷം പ്രതികരിച്ചിരുന്നു. വസന്തയെ കസ്റ്റഡിയിലെടുക്കാന്‍ മന്ത്രി പോലീസിന് നിര്‍ദേശം നല്‍കി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഡിജിപി ഉത്തരവിട്ടിട്ടുണ്ട്.
സംഭവത്തില്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രിയും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് വീടുവെച്ച് നല്‍കാനുള്ള നിര്‍ദേശം മുഖ്യമന്ത്രി നല്‍കി. എത്രയുംവേഗം അതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തി.
നെയ്യാറ്റിന്‍കര അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ നെട്ടതോട്ടം ലക്ഷംവീട് കോളനിയില്‍ രാജന്‍ സ്ഥലം കയ്യേറിയെന്ന് കാണിച്ച് അയല്‍വാസിയായ വസന്തയാണ് നെയ്യാറ്റിന്‍കര പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി അഭിഭാഷക കമ്മിഷനെ നിയമിച്ച് അന്വേഷണം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ഉത്തരവ് പ്രകാരം രാജനെയും കുടുംബത്തെയും സ്ഥലത്ത് നിന്ന് ഒഴിപ്പിക്കാനെത്തിയപ്പോഴാണ് രാജന്‍ ഭാര്യ അമ്പിളിയെ ചേര്‍ത്തുപിടിച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യശ്രമം നടത്തിയത്. ഗുരുതരമായ പൊള്ളലേറ്റ രാജന്‍ ഞായറാഴ്ച രാത്രിയും അമ്പിളി തിങ്കളാഴ്ച രാത്രിയുമാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്.
വസ്തു രാജന്റെ മക്കള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന് വസന്ത നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഒരു കുറ്റവും ചെയ്തിട്ടില്ല.തന്റെ വസ്തുവല്ലെന്നാണ് ഇപ്പോള്‍ എല്ലാവരും പറയുന്നത്. അത് തന്റേതാണെന്ന് തെളിയിക്കണം, നിയമത്തിന്റെ വഴിയിലൂടെ തന്നെ പോകുമെന്നും വസന്ത പറഞ്ഞു.

Related Articles

Back to top button