BREAKINGINTERNATIONALLIFESTYLE

എടുത്തുകൊണ്ടു പോകാന്‍ തയ്യാറാണോ? എങ്കില്‍ 17 മുറികളുള്ള ഈ മാളിക സൗജന്യമായി വാങ്ങിക്കാം

അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ 19 -ാം നൂറ്റാണ്ടിലെ ഒരു മാളിക യാതൊരു വിലയും കൂടാതെ വില്‍ക്കാനുണ്ട്. പക്ഷേ ഇത് സ്വന്തമാക്കുന്നവര്‍ നിര്‍ബന്ധമായും ഒരു കാര്യം ചെയ്യണമെന്ന് മാത്രം. എന്താണെന്നല്ലേ? ‘ഹുഡ് മാന്‍ഷന്‍’ ( Hood Mansion) എന്നറിയപ്പെടുന്ന ഈ മാളിക വാങ്ങിക്കുന്നവര്‍ അതിന്റെ നിലവിലെ അടിത്തറയില്‍ നിന്ന് ഒരു പുതിയ സ്ഥലത്തേക്ക് പൂര്‍ണ്ണമായും മാറ്റി സ്ഥാപിക്കണം എന്നതാണ് ഇത് സ്വന്തമാക്കാനുള്ള ഏക നിബന്ധന.
1834-ല്‍ ഐറിഷ് കുടിയേറ്റക്കാരനായ ജോണ്‍ മക്ലെല്ലന്‍ ഹുഡ് നിര്‍മ്മിച്ച ഈ മാളികയ്ക്ക് സമ്പന്നമായ ഒരു ചരിത്രമുണ്ട്. 1800-കളുടെ തുടക്കത്തില്‍ ഭൂഗര്‍ഭ റെയില്‍ റോഡ് തുരങ്കങ്ങളിലൂടെ അടിമകള്‍ക്ക് രക്ഷപ്പെടാനുള്ള ഒരു അഭയ കേന്ദ്രമായി ഇത് ഉപയോഗിച്ചിരുന്നു. ഇനി ഈ മാളിക ഇവിടെ നിന്നും മാറ്റി മറ്റൊരിടത്ത് സ്ഥാപിക്കാന്‍ കണക്കാക്കുന്ന ചെലവ് എത്രയാണെന്ന് അറിയണ്ടേ? ഏകദേശം 5 കോടി മുതല്‍ 8 കോടി വരെ ചെലവാകാം എന്നാണ് കണക്കാക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം 2008 മുതല്‍ ഈ മാളിക ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ആള്‍താമസം ഇല്ലാതായത് മൂലം നോക്കി നടത്താന്‍ ആളില്ലാതെ, കാലപ്പഴക്കം കൊണ്ട് കെട്ടിടത്തിന്റെ വാതിലുകള്‍ക്കും ജനാലകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ 5,000 ചതുരശ്ര അടി വിസ്തീര്‍ണ്ണം ഉള്ള ഈ മാളികയുടെ മറ്റ് ഭാഗങ്ങള്‍ക്കൊന്നും യാതൊരു വിധത്തിലുള്ള കേടുപാടുകളുമില്ലെന്നാണ് ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറയുന്നത്. കൂടാതെ ഇത്രയും ഉറപ്പുള്ള ഒരു കെട്ടിടം ഇനി കണ്ടെത്തുക പ്രയാസകരമായിരിക്കുമെന്നും അവകാശപ്പെടുന്നു.
ഈസ്റ്റേണ്‍ പെന്‍സില്‍വാനിയ പ്രിസര്‍വേഷന്‍ സൊസൈറ്റി (ഇപിപിഎസ്) യുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഹുഡ് മാന്‍ഷന്‍ നിലവിലെ അവസ്ഥയില്‍ മാറ്റാന്‍ ഏകദേശം ഒന്നോ രണ്ടോ മാസമെടുക്കും. 1980-കളുടെ അവസാനം പുതിയ ഉടമകള്‍ക്ക് ഹൂഡ് മാന്‍ഷന്‍ ലേലത്തില്‍ വില്‍ക്കുന്നത് വരെ ഹൂഡ് കുടുംബത്തിന്റെ വകയായിരുന്നു ഈ കെട്ടിടം. എസ്റ്റേറ്റിനെ ഒരു കണ്‍ട്രി ക്ലബ്ബായും പിന്നീട് ഒരു കാസിനോ ആയും മാറ്റാനുള്ള ഉദ്ദേശങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആ പദ്ധതികളൊന്നും നടന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button