കോഴിക്കോട്: മഴക്കെടുതിയും കോവിഡും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കുടുംബ ബജറ്റ് താളംതെറ്റിച്ചു. സാധാരണക്കാര്‍ക്ക് ഇരട്ടിപ്രഹരമായി സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. ഒരു മാസത്തിനിടെ ഇരട്ടിയോളമാണ് ഉള്ളിവില വര്‍ധിച്ചത്. അയല്‍സംസ്ഥാനങ്ങളിലെ മഴക്കെടുതിയാണ് ഉള്ളിവില കുതിച്ചുയരാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.100 രൂപയ്ക്ക് അഞ്ചു കിലോ കിട്ടിയിരുന്ന സവാള കിലോയ്ക്ക് 64 രൂപയാണ് മൊത്തവില.
ചില്ലറ വില 90 മുതല്‍ 120 രൂപ വരെയുണ്ട് വില. മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് സവാളയെത്തുന്നത്. ഉള്ളി തമിഴ്നാട്ടില്‍ നിന്നാണ് വരുന്നത്. ഇവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയാണ് തിരിച്ചടിയായത്.
മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായ എല്ലാ പച്ചക്കറികളുടെയും വില വാണംപോലെയാണ് ഉയരുന്നത്. ബീന്‍സ് 50, പയര്‍ 70, ക്യാരറ്റ് 100, ബീറ്റ്റൂട്ട് 60 എന്നിങ്ങനെയാണ് പച്ചക്കറിയുടെ വില. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന സാധാരണക്കാര്‍ക്ക് കനത്ത തിരിച്ചടിയായാണ് അവശ്യസാധനങ്ങളുടെ വില കുതിക്കുന്നത്.