AUTOLATEST

ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പടെയുള്ള വാഹന രേഖകളുടെ കാലാവധി ജൂണ്‍ 30 വരെ വീണ്ടും നീട്ടി

ഡല്‍ഹി: കൊവിഡ് വ്യാപനം കണക്കിലെടുത്ത് വാഹന രേഖകളുടെ കാലാവധി സര്‍ക്കാര്‍ വീണ്ടും നീട്ടി. ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍സി), പെര്‍മിറ്റ്, ഫിറ്റ്‌നസ് തുടങ്ങിയവയുടെ കാലാവധി ജൂണ്‍ 30 വരെയാണ് നീട്ടിയത്. ഇത് നാലാമത്തെ തവണയാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം രേഖകളുടെ കാലാവധി നീട്ടുന്നത്.
2020 ഫെബ്രുവരി ഒന്നിനും 2021 മാര്‍ച്ച് 31നും ഇടയ്ക്ക് കാലഹരണപ്പെടുന്ന രേഖകളുടെ കാലാവധി ദീര്‍ഘിപ്പിച്ചുള്ള ഉത്തരവ് ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. കാലാവധി തീരുന്ന ഡ്രൈവിങ് ലൈസന്‍സ്, ആര്‍സി, പെര്‍മിറ്റ്, ഫിറ്റ്‌നസ് എന്നിവ നീട്ടിയ കാലാവധി വരെ ഉപയോഗിക്കാമെന്നും അതിനുശേഷം അസാധുവായി കണക്കാക്കുമെന്നും ഉത്തരവില്‍ പറയുന്നു. കൂടാതെ ജൂണ്‍ 30 വരെ സാധുതയുള്ള ഇത്തരം രേഖകള്‍ പരിഗണിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാഹന രേഖകളുടെ കാലാവധി നീട്ടുന്നതായി അറിയിച്ചുകൊണ്ട് ഗതാഗത മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിട്ടുണ്ട്.
ഗതാഗത സംബന്ധിയായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് പുതിയ നീക്കം പൗരന്മാരെ സഹായിക്കുമെന്നും ഇത് സംബന്ധിച്ച അവസാന ഉപദേശമായിരിക്കുമിതെന്നും കത്തില്‍ പറയുന്നു. ഈ കൊവിഡ് കാലത്ത് രേഖകളുടെ കാലാവധിയുടെ പേരില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്നില്ലെന്ന് അതത് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണമെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 30, ജൂണ്‍ 9, ഓഗസ്റ്റ് 24, ഡിസംബര്‍ 27 തീയതികളിലാണ് മോട്ടോര്‍ വാഹന നിയമവുമായി ബന്ധപ്പെട്ട രേഖകളുടെ സാധുത നീട്ടി നല്‍കിയുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker