ന്യൂഡല്‍ഹി: രാജ്യത്ത് വാഹനനികുതി കുറയ്ക്കണമെന്ന ആവശ്യ ഉയര്‍ന്നിട്ട് നാളുകളായി. പുതിയ വാഹനം വാങ്ങുമ്പോള്‍ വിലയുടെ 65 ശതമാനവും നികുതി ഇനത്തില്‍ നല്‍കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതോടെ വാഹനനിര്‍മാതാക്കള്‍ക്കും ഉപയോക്താക്കള്‍ക്കും വലിയ തിരിച്ചടിയാണ് ഉണ്ടാകുന്നത്. സാധാരണക്കാരുടെ ജനപ്രിയ കാര്‍ മോഡലായോ ഓള്‍ട്ടോയ്ക്ക് പോലും കേന്ദ്രസംസ്ഥാന നികുതിയായി 1.15 ലക്ഷം രൂപയോളം നല്‍കേണ്ടി വരുന്നു എന്നത് ഓണ്‍റോഡ് പ്രൈസ് നാലു ലക്ഷം രൂപയോളമായി ഉയരാന്‍ കാരണമാകുന്നു. കൊവിഡ് കാലത്ത് ഉയര്‍ന്ന നികുതി ബാധ്യത തിരിച്ചടിയാണെന്ന് വാഹന നിര്‍മാതാക്കള്‍ പറയുന്നു.
പുതിയ ഹോണ്ട സിറ്റി പെട്രോള്‍ വേര്‍ഷന്‍ കാറിനു മാത്രം ചെലവ് 10 ലക്ഷം രൂപ. നികുതി കൂട്ടാതെയാണിത്. ഡല്‍ഹിയിലാണെങ്കില്‍ 28 ശതമാനം ജിഎസ്ടി, സെസ്, പ്രത്യേക രജിസ്ട്രേഷന് ടാക്സ് എന്നിവ ഒക്കെ ഉള്‍പ്പെടെ വില 16.4 ലക്ഷം രൂപയായി മാറും. കാര്‍ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ നികുതി ഇനത്തില്‍ നല്‍കേണ്ട വലിയ തുക വാഹനം വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയാകുന്നു. ഇനി ഒരു ആഡംബര വാഹനം ആണ് സ്വന്തമാക്കിയത് എങ്കില്‍ നികുതി ഭാരം പറയുകയും വേണ്ട.
മെഴ്സിഡസ് ബെന്‍സ് ഇ ക്ലാസ് സെഡാന് വാങ്ങിയ ഒരാള്‍ നികുതി ഇനത്തില്‍ മാത്രം നല്‍കേണ്ടത് 34 ലക്ഷം രൂപയോളമാണ്. നികുതിയ്ക്ക് ശേഷം വാഹനത്തിന്റെ മൊത്തം വില 74 ലക്ഷം രൂപയോളം വരും. യൂസ്ഡ് കാറുകള്‍ക്കും നികുതി കൂടുതലാണ് എന്ന ആക്ഷേപം ഉണ്ട്. ഇരു ചക്ര വാഹന നിര്‍മാതാക്കള്‍ ഉള്‍പ്പെടെ വാഹന നികുതി കുറയ്ക്കണം എന്ന് നിരന്തരം ആവശ്യപ്പെടുന്നുണ്ട്.