KERALALATEST

സര്‍ക്കാര്‍ ശ്രീനാരായണീയ വിഭാഗത്തിന്റെ കണ്ണില്‍ കുത്തി: വെള്ളാപ്പള്ളി നടേശന്‍

കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാരിനെതിരെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
സര്‍ക്കാര്‍ ശ്രീനാരായണീയ സമൂഹത്തിന്റെ കണ്ണില്‍ കുത്തിയെന്നും മന്ത്രി കെ.ടി ജലീല്‍ നിര്‍ബന്ധിച്ചാണ് പ്രവാസിയെ വി.സി ആക്കിയതെന്നും ഇതിന് മന്ത്രി വാശിപിടിച്ചെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
ന്യൂനപക്ഷങ്ങളും സംഘടിത ശക്തികളും ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കുന്ന സംസ്‌കാരമാണ് ഇടതുപക്ഷത്തിന്റേതെന്നും വെള്ളാപ്പള്ളി. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍വകലാശാല ഉദ്ഘാടനം രാഷ്ട്രീയ മാമാങ്കം ആക്കിമാറ്റിയ സര്‍ക്കാര്‍ ഉദ്ഘാടനത്തിന് എസ്എന്‍ഡിപി ഭാരവാഹികളെ ക്ഷണിച്ചില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.അധ:സ്ഥിത വിഭാഗങ്ങളെ ആട്ടിയകറ്റുന്ന പതിവ് ഈ സര്‍ക്കാര്‍ ആവര്‍ത്തിച്ചു. മലബാറില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസിയെ നിര്‍ബന്ധിച്ച് കൊണ്ട് വന്ന് വി.സിയാക്കാന്‍ മന്ത്രി കെ.ടി ജലീല്‍ വാശികാണിച്ചു. മന്ത്രിയുടെ ചേതോവികാരം മനസിലാക്കാന്‍ പാഴൂര്‍ പഠിപ്പുരയില്‍ പോകേണ്ടെന്നും വെള്ളാപ്പള്ളി പറയുന്നു.ഈഴവ വിഭാഗം ആയതുകൊണ്ടാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ പെരുമാറിയതെന്നും മറ്റുവിഭാഗങ്ങളുടേതായിരുന്നെങ്കില്‍ വീട്ടില്‍ പോയി ചര്‍ച്ച നടത്തുമായിരുന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
കൊല്ലത്ത് സ്ഥാപിച്ച യൂണിവേഴ്‌സിറ്റിയുടെ തലപ്പത്ത് ശ്രീനാരായണീയ വിഭാഗത്തിലുള്ളയാളെ വിസിയാക്കമെന്നായിരുന്നു സമുദായം മുന്നോട്ടുവച്ച ആവശ്യം. എന്നാല്‍ എസ്എന്‍ഡിപിയോട് ആലോചിക്കാതെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാടെടുത്തത്. ഇതോടെയാണ് വെള്ളാപ്പള്ളി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയതെന്നാണ് സൂചന.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker